തന്ത്രം ഫലിച്ചു; കാലില്‍ തൊട്ട് വന്ദിച്ചു, പിന്നെ കെട്ടിപ്പിടിച്ചു; എന്നിട്ട് ഇന്ത്യക്കാരിയിൽ നിന്ന് അടിച്ചു മാറ്റിയത് 20 ലക്ഷത്തിന്റെ ആഭരണം!

ഒട്ടാവ: കാനഡയില്‍ ഇന്ത്യക്കാരിയായ 78 വയസുകാരിയുടെ 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നതായി പരാതി. കാനഡയിലെ ബ്രാംടണിലാണ് സംഭവം. കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കാനെന്ന ഭാവത്തില്‍ അടുത്തെത്തിയ കനേഡിയന്‍ യുവതിയാണ് വയോധികയെ കബളിപ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്നത്. വളകളും മാലയും മോഷ്ടാവ് ഊരിയെടുക്കുകയായിരുന്നു. മോഷണത്തെക്കുറിച്ച് വയോധികയുടെ മകന്‍ രാഘവേന്ദ്ര കുമാര്‍ പൊലീസില്‍ പരാതി നല്‍കി.

വൈകിട്ട് വയോധിക നടക്കാനായി ഇറങ്ങിയപ്പോഴാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇവര്‍ നടക്കുന്നതിനിടെ സമീപത്ത് ഒരു കാര്‍ വന്ന് നില്‍ക്കുകയും യുവതി ഇറങ്ങുകയും ചെയ്തു. ശേഷം യുവതി കുനിഞ്ഞ് അനുഗ്രഹം വാങ്ങുന്നതുപോല ആദ്യം കാലില്‍ തൊട്ടു. ശേഷം വയോധികയെ കെട്ടിപ്പിടിച്ച ശേഷം ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നു. തന്റെ അമ്മയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും യുവതിയെക്കണ്ട് അയല്‍വാസിയാകും എന്ന് തെറ്റിദ്ധരിച്ചാണ് സംസാരിച്ചതെന്നും രാഘവേന്ദ്ര പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. പൊലീസ് അന്വേഷണം തുടരുന്നുവെങ്കിലും മോഷ്ടാവിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

അപ്രതീക്ഷിതമായ ഈ സംഭവത്തിന് ശേഷം തന്റെ അമ്മ വല്ലാതെ ഭയന്ന് പോയതായി മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവം കഴിഞ്ഞ് ഏതാണ്ട് അരമണിക്കൂര്‍ നേരത്തേക്ക അമ്മയ്ക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. വിറച്ചുകൊണ്ടാണ് അമ്മ വീട്ടിലേക്ക് വന്നതെന്നും മകന്‍ പറഞ്ഞു. ഏകദേശം 110ഗ്രാം സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്.