ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ് ചികിത്സയിലിരുന്ന ആശുപത്രി അമേരിക്ക-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകർന്നതായി റിപ്പോർട്ട്.
മുജ്തബയ്യെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ജീവനോടെ പുറത്തെടുക്കുകയായിരുന്നെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഖത്തർ ടെലിവിഷൻ അല്‍ അറബിക്കു നല്‍കിയ അഭിമുഖത്തില്‍ ഇറാൻ ‘അസംബ്ലി ഓഫ് എക്സ്പെർട്ട്സ്’ അംഗം മൊഹ്സെൻ ഹൈദരി നടത്തിയ വെളിപ്പെടുത്തലിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഫെബ്രുവരി 28ന് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേറ്റിരുന്നു.
മുജ്തബയെ ടെഹ്റാനിലെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ ഇവിടെ മൂന്ന് ആശുപത്രികള്‍ക്കു നേരേ ആക്രമണമുണ്ടായി. ഇതില്‍ മൂന്നാമത്തെ ആശുപത്രി ആക്രമിക്കപ്പെട്ടപ്പോഴാണു മുജ്തബ ഇതില്‍പ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അദ്ദേഹത്തെ ജീവനോടെ രക്ഷപ്പെടുത്തിയെന്നും ഹൈദരി പറഞ്ഞു. ഇതിനു ശേഷം മുജ്തബയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി.
പിന്നീട് മുജ്തബ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ചുമതലപ്പെട്ട അസംബ്ലി ഓഫ് എക്സ്പെർട്ട്സും ആക്രമണത്തിനു വിധേയമായി. ഖ്വോമിലുള്ള സെക്രട്ടേറിയറ്റിനു നേർക്കു നടന്ന ബോംബാക്രമണത്തില്‍ എട്ടു പേർ കൊല്ലപ്പെട്ടു. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ നശിക്കുകയും ചെയ്തു. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പില്‍ ആകെ രേഖപ്പെടുത്തിയ 59 വോട്ടുകളില്‍ 50 എണ്ണവും ഖമനയ് നേടിയതായും ഹൈദരി പറഞ്ഞു.




