ജാതിയും മതവുമല്ല, മനുഷ്യത്വമാണ് ഈ രാജ്യത്തിന്റെ സ്പന്ദനം; 2 വയസ്സുകാരിക്ക് തുണയായത് ആ നന്മ!

-സാബു തൊട്ടിപ്പറമ്പില്‍

ചില വാര്‍ത്തകള്‍ നമ്മുടെ കണ്ണുകള്‍ നിറയ്ക്കും..ഹൃദയം ഒരു നിമിഷം വിതുമ്പും,മറ്റൊന്നുമല്ല,നാടിന്റെ നന്മ മനസുകളുടെ കരുതലിനെ ഓര്‍ക്കുമ്പോള്‍ അത് സംഭവിക്കും. നമ്മളെല്ലാം മനുഷ്യരല്ലേ.!

ഡല്‍ഹിയില്‍ നിന്ന് പുറത്ത് വരുന്ന ഒരു വാര്‍ത്ത അത്തരത്തില്‍ ‘മനുഷ്യന്‍’ എന്നതില്‍ അഭിമാനം കൊള്ളുന്ന നിമിഷങ്ങളിലേക്കാണ് നയിക്കുന്നത്.

അപൂർവ ജനിതക രോഗം ബാധിച്ച രണ്ട് വയസ്സുകാരിയുടെ ചികിത്സയ്ക്കായി സഹായം തേടിയ അമ്മയ്ക്ക് കൈത്താങ്ങായി യുവാക്കൾ. ഡൽഹിയിലെ എയിംസ് ആശുപത്രിക്ക് പുറത്ത് കുഞ്ഞിനെയും കൊണ്ട് കരഞ്ഞ് കലങ്ങിയ കണ്ണുമായി ഒരമ്മ.

നന്മ നിറഞ്ഞ രണ്ട് ചെറുപ്പാക്കാര്‍ വിവരങ്ങള്‍ തിരക്കുന്നു. കുഞ്ഞ് ജീവന്‍ നില നിര്‍ത്താന്‍ വേണ്ടത് ഒന്‍പത് കോടി രൂപ!
ആ സാധു സ്ത്രീക്ക് ആ വലിയസംഖ്യ സ്വപ്നം കാണുന്നതിനും എത്രയോ അകലെ ആയിരുന്നു.

ഭീമമായ തുക അക്ഷരാര്‍ത്ഥത്തില്‍ ആ യൂവാക്കളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവാം.
എന്നാല്‍ നന്മ വറ്റാത്ത മനസുകളെ ആ ചെറുപ്പാക്കാര്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നാണ് പിന്നീടുള്ള കാര്യങ്ങള്‍ തെളിയിച്ചത്.

സോഷ്യൽ മീഡിയ ക്രിയേറ്റർ സണ്ണി മഹോറും സുഹൃത്തുക്കളുമാണ് ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് ഈ സഹായാഭ്യർഥന ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിലേക്കും എത്തുകയായിരുന്നു.

കുട്ടിക്ക് സ്പൈനൽ മസ്കുലാർ അട്രോഫി (Spinal Muscular Atrophy – SMA) ടൈപ്പ് 1 എന്ന അപൂർവ ജനിതക രോഗമാണ് ബാധിച്ചിരിക്കുന്നത്. ശരീരത്തിലെ ചലനങ്ങൾക്ക് ആവശ്യമായ മോട്ടോർ ന്യൂറോണുകളെ ബാധിക്കുന്ന ഈ രോഗം ഗുരുതരമായ പേശി ബലഹീനതയ്ക്ക് കാരണമാകുന്നു. ശിശുക്കളിൽ തന്നെ സാധാരണയായി പ്രകടമാകുന്ന SMAയുടെ ഏറ്റവും ഗുരുതരമായ രൂപമാണ് ടൈപ്പ് 1 എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കുട്ടിയുടെ ചികിത്സയ്ക്കായി ഒമ്പത് കോടിയിലധികം രൂപ ചെലവാകുമെന്ന് കുടുംബം പറയുന്നു. രോഗം മൂലം കുട്ടിയുടെ ദൈനംദിന ജീവിതവും ഏറെ ബുദ്ധിമുട്ടിലാണ്. വെള്ളം കുടിക്കാൻ പോലും ആരെങ്കിലും എത്തി സഹായിക്കേണ്ട സാഹചര്യമാണെന്നും, പ്രായത്തിലുള്ള മറ്റ് കുട്ടികൾ കളിക്കുകയും ഓടിനടക്കുകയും ചെയ്യുമ്പോൾ തന്റെ മകൾ ഭൂരിഭാഗം സമയവും കിടക്കയിൽ കഴിയുകയാണെന്നും അമ്മ പറയുന്നു.

കുട്ടിയെയും അമ്മയെയും എയിംസിന് സമീപം കണ്ട സണ്ണി മഹോറും സംഘവും ആദ്യം അവരോട് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടും കുട്ടിയുടെ രോഗാവസ്ഥയും മനസ്സിലാക്കിയ സംഘം ആശുപത്രിക്ക് പുറത്ത് വഴിയാത്രക്കാരോട് സഹായം അഭ്യർഥിക്കാൻ തുടങ്ങി.
പിന്നീട് സഹായപ്രവർത്തനം കൂടുതൽ വിപുലമാക്കുകയായിരുന്നു. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ജുമാ മസ്ജിദിൽ നിന്ന് പുറത്തേക്ക് വന്നവരോടും കുട്ടിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർഥിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളും ചികിത്സാ വിവരങ്ങളും അടങ്ങിയ ടി-ഷർട്ടുകളുമായാണ് സംഘം അവിടെയെത്തിയത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഡിജിറ്റലായി പണം നൽകുന്നതിനായി ക്യുആർ കോഡും പ്രദർശിപ്പിച്ചു.
നമസ്കാരത്തിന് ശേഷം നിരവധി പേർ സഹായാഭ്യർഥന കേൾക്കാൻ അവിടെ നിൽക്കുകയും തങ്ങൾക്ക് കഴിയുന്ന തുക സംഭാവന ചെയ്യുകയും ചെയ്തു. ചെറിയ തുക മുതൽ വലിയ സംഭാവനകൾ വരെ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.(ഏകദേശം 6 കോടി രൂപ)
ജുമാ മസ്ജിദിലെ സഹായാഭ്യർഥനയ്ക്കു പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ നേരിട്ട് സ്ഥലത്തെത്താൻ കഴിയാത്തവർക്കും ഡിജിറ്റൽ മാർഗത്തിലൂടെ സഹായിക്കാൻ അവസരം ലഭിച്ചു.

അങ്ങനെ എയിംസിന് പുറത്തുള്ള ഏതാനും പേരിൽ നിന്ന് ആരംഭിച്ച സഹായശ്രമം ജുമാ മസ്ജിദിലേക്കും പിന്നീട് സമൂഹമാധ്യമങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.കുട്ടിക്കാവശ്യമായ തുക കണ്ടെത്തുകയായിരുന്നു.

മനുഷ്യ ചിന്തകളില്‍ അടിഞ്ഞ് കൂടിയ മതവും,ജാതിയ്കും വേരോട് പിഴുതെറിഞ്ഞ്, മനുഷ്യന്റെ നന്മയ്ക്കായി നിലനില്‍ക്കുന്ന എത്രയോ ജീവിതങ്ങളാണ് സമൂഹത്തില്‍ ഉള്ളത്.അത്തരം പ്രവര്‍ത്തിയും നല്ല മനസിന്റെ ഉടമുകളുമല്ലേ ഈ രാജ്യത്തിന്റെ തന്നെ സ്പന്ദനം.