തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച് സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്നാണ് 118 പവൻ സ്വർണവും പണവും കവർന്നത്. കന്യാകുമാരിയിലെ നാഗർകോവിലിനടുത്താണ് സംഭവം.
നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസക്കാരനായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. മധുമിത കഴിഞ്ഞദിവസം പൂജാമുറിയിൽ തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
തുടർന്നാണ് വീട്ടിൽ കവർച്ച നടന്നത്. സിസിടിവികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള, അതീവ സുരക്ഷാ മേഖലയിൽ താമസിക്കുന്ന ഇവരുടെ വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിച്ചത്. 118 പവൻ സ്വർണഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് വിവരം.
തുടർന്ന് രാജഗമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയും, ഫോൺകോളുകളും ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.




