-സാബു തൊട്ടിപ്പറമ്പില്‍
നെഞ്ചുനിറയ്ക്കും കാഴ്ച!. മനുഷ്യത്വത്തിന്റെ അതിരുകളില്ലാത്ത സ്നേഹവും സാഹസികതയും സാക്ഷ്യം വഹിച്ചൊരു കാഴ്ചയ്ക്കാണ് പശ്ചിമ ബംഗാളിലെ ഗജൽഡോബ തീരം സാക്ഷിയായത്.
ജനിച്ച് മൂന്നോ നാലോ ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുപൈതൽ ആനക്കുട്ടി തീസ്ത നദിയിലെ ചതിക്കുഴികൾ നിറഞ്ഞ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.ഏകദേശം അഞ്ച് കിലോമീറ്ററോളം ഒഴുകി പോയി.നദി മുറിച്ചുകടക്കുന്നതിനിടെ അമ്മയിൽ നിന്ന് വേർപെട്ട്, തീസ്ത ബാരേജിന്റെ മുകളിൽ നിന്ന് താഴേക്ക് ഒഴുകിവന്ന ആ ജീവന്റെ നിലവിളി ആദ്യം കണ്ടത് പ്രാദേശിക മത്സ്യത്തൊഴിലാളികളാണ്. അജയ് ദാസ്, രാജേഷ് ദാസ്, ഗോപാൽ ദാസ്, മിട്ടു ദാസ്, ബിശ്വനാഥ് ദാസ് എന്നീ മനുഷ്യസ്നേഹികൾ സ്വന്തം ജീവൻ പോലും വകവെക്കാതെയാണ് ആ കുഞ്ഞനുവേണ്ടി വെള്ളത്തിലേക്കിറങ്ങിയത്. രണ്ടര മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ആ പൈതലിനെ അവർ സുരക്ഷിതമായി നദിയിലെ ഒരു തുരുത്തിലെത്തിച്ചു.
വിവരമറിഞ്ഞ് ഉടൻ തന്നെ ബൈകുണ്ഠപൂർ ഫോറസ്റ്റ് ഡിവിഷനിലെ വനപാലകരും സ്ഥലത്തെത്തി. അമ്മയെ കാണാതെ, പേടിച്ചരണ്ട് ആ കുഞ്ഞിക്കണ്ണുകൾ കരയുന്നത് കണ്ടുനിന്നവരുടെയെല്ലാം കരൾ അലിയിക്കുന്നതായിരുന്നു. എന്നാൽ രക്ഷാസംഘത്തിന്റെ തളരാത്ത തിരച്ചിലിനൊടുവിൽ രണ്ട് മണിക്കൂറിനുള്ളിൽ ആ കുഞ്ഞിനെ ഗജൽഡോബയിലെ തുരുത്തിൽ വെച്ച് വീണ്ടും അമ്മയോടൊപ്പം ചേർക്കാൻ കഴിഞ്ഞു. ഒരിക്കലും ഇനി തിരികെ കിട്ടില്ലെന്നുള്ള കുഞ്ഞിനെ തന്റെ ശൈലിയില്‍ ചേര്‍ത്തണയ്ക്കുന്നതും, മാതൃത്വത്തിന്റെ അമൃത് പകര്‍ന്ന് നല്‍കുന്നതുമായ കാഴ്ച ഏവരിലും ആത്മ സന്തോഷത്തിന്റെ നിമിഷങ്ങളാക്കി.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ, സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച! ആ മത്സ്യത്തൊഴിലാളികളുടെ ധൈര്യത്തിനും കാരുണ്യത്തിനും കൈയടിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.




