വൈറ്റ് ഹൗസില്‍ മാധ്യമ വിലക്ക്; കോടതിയെ സമീപിച്ച് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടെലിവിഷന്‍ പ്രസ് പൂളില്‍ നിന്ന് സിഎന്‍എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളെ ഒഴിവാക്കിയതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. എന്നാല്‍ സിഎന്‍എന്നിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് എബിസി, സിബിഎസ്, ബോക്‌സ് ന്യൂസ്, എന്‍ബിസി തുടങ്ങിയ മാധ്യമങ്ങള്‍ പ്രസിഡന്റ് ട്രംപിന്റെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം വൈറ്റ്‌ഹൗസിലെ വിലക്കിനെതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മാധ്യമങ്ങളുടെ തീരുമാനം. വിലക്ക് നേരിട്ട സിഎന്‍എന്‍, എംഎസ് നൌ, പൊളിറ്റിക്കോ മാധ്യമങ്ങള്‍ വാഷിങ്ടണ്‍ ഡിസി ഫെഡറല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യം.

ഇന്ന് മുതല്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട പൂള്‍ കവറേജ് പരിപാടികള്‍ ടിവി പൂള്‍ സംഘം റിപ്പോര്‍ട്ട് ചെയ്യില്ലെന്നാണ് ഫോക്‌സ് ന്യൂസിന്റെ വാഷിംഗ്ടണ്‍ ബ്യൂറോ ചീഫും നിലവില്‍ ടിവി പൂള്‍ ചെയര്‍മാനുമായ ബ്രയാന്‍ ബൗട്ടണ്‍ പൂള്‍ അംഗങ്ങള്‍ക്ക് അയച്ച ഇമെയിലില്‍ അറിയിച്ചത്. സിഎന്‍എന്നിനെ അവരുടെ നിശ്ചിത പൂള്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞ വൈറ്റ് ഹൗസിന്റെ നിലപാടിനെത്തുടര്‍ന്നാണ് ഈ തീരുമാനം എന്നും ബൗട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിലക്ക് നേരിട്ട മാധ്യമസ്ഥാപനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അസോസിയേറ്റഡ് പ്രസ് എന്നിവയുള്‍പ്പെടെയുള്ള മാധ്യമങ്ങളും ഇതേ നിലപാട് സ്വീകരിച്ചു. ‘വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫി പൂളി’ന്റെ ഭാഗമായി തിങ്കളാഴ്ച പകര്‍ത്തിയ ചിത്രങ്ങള്‍ (ട്രംപ് ‘മറൈന്‍ വണ്‍’ ഹെലികോപ്റ്ററില്‍ യാത്ര തിരിക്കുന്നതും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം പങ്കെടുത്ത പരിപാടികളും ഉള്‍പ്പെടെയുള്ളവ) പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് അവര്‍ അറിയിച്ചു. സര്‍ക്കാരിനെക്കുറിച്ചുള്ള കൃത്യവും സ്വതന്ത്രവുമായ വിവരങ്ങള്‍ അറിയുന്നതില്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു വാര്‍ത്താ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിംഗിനോടുള്ള വിയോജിപ്പിന്റെ പേരില്‍ ഒരു ഭരണകൂടവും ആ സ്ഥാപനത്തെ നിയന്ത്രിക്കാന്‍ പാടില്ലെന്നാണ് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള അഞ്ച് വാര്‍ത്താ ശൃംഖലകള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

ടെലിവിഷന്‍ സംപ്രേക്ഷണം ഒഴിവാക്കുമെന്ന് ബ്രോഡ്കാസ്റ്റ് ശൃംഖലകള്‍ അറിയിച്ചിരുന്നെങ്കിലും, അച്ചടി-റേഡിയോ-വാര്‍ത്താ ഏജന്‍സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട മാധ്യമങ്ങള്‍ ട്രംപിന്റെ ദിവസേനയുള്ള നീക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. വിലക്ക് നേരിടുന്ന മാധ്യമസ്ഥാപനങ്ങളെ പിന്തുണച്ച വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിഡന്റിന്റെ പരിപാടികളുടെ ചിത്രങ്ങള്‍ ‘ഈസ്റ്റേണ്‍ ടൈം’ പ്രകാരം അര്‍ദ്ധരാത്രിക്ക് ശേഷമേ പ്രസിദ്ധീകരിക്കൂ എന്ന് അറിയിച്ചു.