‘കോഡ് 100’ സജ്ജമാക്കി ഇറാൻ: യാത്രകള്‍ വെട്ടിച്ചുരുക്കി ട്രംപും നെതന്യാഹുവും; പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ യുദ്ധഭീതി മുൻപെങ്ങുമില്ലാത്തവിധം വർദ്ധിച്ച സാഹചര്യത്തില്‍ ഇറാന്റെ സായുധ സേനകള്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചതായി റിപ്പോർട്ടുകള്‍.

അമേരിക്ക, ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുമായുള്ള സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തില്‍ ഇറാന്റെ സൈന്യം ഏറ്റവും ഉയർന്ന സൈനിക ജാഗ്രതാ നിർദ്ദേശമായ ‘കോഡ് 100’ (കോഡ് 100) സജ്ജമാക്കിയതായാണ് വിവരം.

യമനിലെ ഹൂതികള്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷമാണ് മേഖലയില്‍ ആശങ്ക രൂക്ഷമായത്. രാജ്യത്തെ സൈന്യത്തോട് തയാറായിരിക്കാൻ നല്‍കുന്ന ഏറ്റവും ഗൗരവമേറിയ മുന്നറിയിപ്പാണ് ‘കോഡ് 100’. എന്നാല്‍, ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസികളോ സർക്കാർ മാധ്യമങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ പരിപാടികള്‍ വെട്ടിച്ചുരുക്കി വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൗദി സേനയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായ പശ്ചാത്തലത്തിലാണ് ട്രംപ് ക്യാംപ് ഡേവിഡിലെ താമസം വെട്ടിച്ചുരുക്കി ശനിയാഴ്ച വൈകിട്ട് വാഷിംഗ്‌ടണിലേക്ക് മടങ്ങിയത്.

അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹുവും വരാനിരിക്കുന്ന യുഎസ് സന്ദർശനം വെട്ടിച്ചുരുക്കിയതായി ഐ24ന്യൂസ് റിപ്പോർട്ട് ചെയ്തു.

എന്നാല്‍ ട്രംപിന്റെ മടക്കയാത്രയ്ക്ക് ഏതെങ്കിലും പ്രത്യേക സൈനിക നടപടിയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.

ഇരുവരും അവരുടെ യാത്രാ പദ്ധതികളില്‍ മാറ്റം വരുത്തിയതിന്റെ കാരണങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഹൂതി-സൗദി സംഘർഷം രൂക്ഷമാകുന്നതിനിടയില്‍ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകാമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമാന സർവീസുകള്‍ റദ്ദാക്കപ്പെടാനും വ്യോമപാതകള്‍ അടയ്ക്കപ്പെടാനും മറ്റ് യാത്രാ തടസ്സങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിയാദ് ഉള്‍പ്പെടെയുള്ള സൗദി അറേബ്യൻ കേന്ദ്രങ്ങള്‍ക്കെതിരെ ഹൂതികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍. ഇതിനിടെ ഇറാൻ, യുഎസ്, ഇസ്രായേല്‍ എന്നിവ ഉള്‍പ്പെട്ട സംഘർഷവും കൂടുതല്‍ രൂക്ഷമായി. പുതിയതായി യുഎസ് ആക്രമണമുണ്ടായാല്‍ അമേരിക്കൻ താല്‍പര്യങ്ങള്‍ക്കും മേഖലയില്‍ അതിന്റെ സഖ്യകക്ഷികള്‍ക്കും എതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.