• സാബു തൊട്ടിപ്പറമ്പിൽ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പോരാട്ടചരിത്രത്തോടും വടക്കൻ മലബാറിന്റെ രാഷ്ട്രീയ ബോധ്യങ്ങളോടും ചേർന്നുനിൽക്കുന്ന മണ്ണാണ് കോഴിക്കോട്.
ആതിഥ്യമര്യാദയുടെയും സൗഹൃദത്തിന്റെയും രാഷ്ട്രീയ ജാഗ്രതയുടെയും തീരം. ആ ചരിത്ര ഭൂമിയില്‍ നിന്നും സിപിഐഎമ്മിന്റെ ഏറ്റവും തീക്ഷ്ണമായ ആത്മപരിശോധനയുടെ സ്വരങ്ങൾ ഉയര്‍ന്ന് കേള്‍ക്കുന്നത്.ഇത് ആശാവഹമാണ്.
കോഴിക്കോട് നടക്കുന്ന സിപിഎം വിശാലമായ സംസ്ഥാന കമ്മറ്റിയോഗത്തില്‍ വിമര്‍ശനവും, സ്വയം വിമര്‍ശനവും ഉയരുന്നു.ഇത് കടലാസ് തുണ്ടില്‍ ഒതുക്കാതെ ,ഉരിത്തിരുഞ്ഞ് വരുന്ന നല്ല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തി പദത്തിലെത്തിച്ചാല് ഒരു പക്ഷേ,പാര്‍ട്ടി ഗുണം പിടിച്ചേക്കും.
പാർലമെന്ററി സ്ഥാനങ്ങളോടുള്ള ആർത്തിയും അണികളോടും ജനങ്ങളോടുമുള്ള ധാർഷ്ട്യവും. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ എങ്ങനെ തകർക്കുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം.
കോഴിക്കോട് നടന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനങ്ങൾ കേവലം ഒരഭിപ്രായപ്രകടനമല്ല. മറിച്ച് അടിത്തട്ടിൽ പാർട്ടി നേരിടുന്ന ഗുരുതരമായ ആശയപരമായ അപചയത്തിന്റെ സാക്ഷ്യപത്രമാണ്. പാർട്ടിയുടെ നിയന്ത്രണം കയ്യാളുന്ന മുതിർന്ന നേതാക്കൾ സ്വന്തം കുടുംബങ്ങളിലേക്ക്സ്ഥാനമാനങ്ങൾ വെച്ചുനീട്ടുന്നു.
ഇതിലൂടെ ഉയരുന്ന ജനരോഷം കാണാതെ പോയതാണ് തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരരംഗത്തേക്ക് വന്നു. പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നതാണ്. എന്നാൽ, പൊതുവികാരത്തെയും പ്രവർത്തകരുടെ ശബ്ദത്തെയും പൂർണ്ണമായി വകവെച്ചില്ല.എതിര്‍പ്പ് വക വയ്ക്കാതെ മുന്നോട്ടുപോയതിന്റെ ഫലം കനത്ത പരാജയമായി മാറുകയാണുണ്ടായത്.
അത് ആ മണ്ഡലത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായല്ല വിലയിരുത്തപ്പെട്ടത്. തങ്ങൾക്ക് പകരം മറ്റാരുമില്ലെന്ന ഭാവവും, സ്ഥാനമാനങ്ങൾ സ്വന്തം കുടുംബത്തിന്റെ കുത്തകയാണെന്ന മനോഭാവവും കമ്മ്യൂണിസ്റ്റ് സംഘടനാ തത്ത്വങ്ങൾക്ക് തീർത്തും വിരുദ്ധമാണ്.
നേതൃത്വം അണികളിൽ നിന്നും എത്രത്തോളം അകന്നുപോയി എന്നതിന്റെ തെളിവ് വേറെയും ഉണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ പ്രസ്താവന. തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ചോദ്യമുന്നയിച്ച സ്വന്തം അണിയോട് “അതൊക്കെ വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്നുള്ള പ്രയോഗം സാധാരണക്കാരെയും പ്രവർത്തകരെയും ഒരുപോലെ പ്രകോപിപ്പിച്ചു. ഇത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചേർന്ന മാന്യവും സംവാദപരവുമായ സ്വരമല്ല. മറിച്ച് ജനാധിപത്യപരമായ ചോദ്യങ്ങളെ പുച്ഛിച്ചു തള്ളുന്ന ഒരു സ്വേച്ഛാധിപതിയുടെ സ്വരമാണ്. അണികളില്ലെങ്കില്‍ നേതാക്കളില്ലെന്ന പച്ച പരാമര്‍ത്ഥം പോലും ഇവിടെ വിസ്മരിക്കപ്പെട്ടു…അവജ്ഞയുടെ ആഴങ്ങളിലേക്ക് ചോദ്യം ഉന്നയിച്ച ആളെമാത്രമല്ല,ഓരോ പ്രവര്‍ത്തകരിലും അത് നിഴലിട്ടു.തങ്ങളോട് തന്നെ രാഷ്ട്രിയ പരമായ അവജ്ഞ തോന്നിപ്പിച്ചു. ‘ചരിത്ര പരമായ വിഡ്ഢിത്ത’മായി തന്നെ ആ ചോദ്യം ചുവന്ന മഷിയില്‍ രേഖപ്പെടുത്തണം .
പാർട്ടി എന്നാൽ നേതാക്കൾ മാത്രം അടങ്ങുന്ന ഒന്നല്ലെന്ന പ്രാഥമിക സത്യം വിസ്മരിച്ചു.ഇതിന്റെ വിലയാണ് തെരഞ്ഞെടുപ്പിൽ പാർട്ടി നൽകേണ്ടി വന്നത്.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നതുപോലെ, പാർട്ടിക്കുള്ളിൽ നേതാക്കളുടെ ‘തമ്പ്രാൻ കളി’യാണ് ഇപ്പോൾ നടക്കുന്നത്. സാധാരണക്കാരായ അണികൾക്കും പൊതുജനങ്ങൾക്കും ഒരു നീതിയും, ഉന്നത നേതാക്കൾക്ക് മറ്റൊരു നീതിയും എന്ന അവസ്ഥ വന്നിരിക്കുന്നു. കേൾക്കാനുള്ള മനസ്സില്ലാത്തവരും, വിമർശനങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്നവരുമായി നേതൃത്വം മാറി. പാവപ്പെട്ടവന്റെ പാർട്ടിയെന്ന് അവകാശപ്പെടുമ്പോഴും അവരുമായി സഹവസിക്കാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ നേതാക്കൾ തയ്യാറാകുന്നില്ല.
സാക്ഷരതയും ജനകീയാസൂത്രണവുമടക്കം പാർട്ടി പടുത്തുയർത്തിയ ഭരണനേട്ടങ്ങളാണ്. ഇതേക്കുറിച്ച് എത്ര വീമ്പിളക്കിയാലും ജനങ്ങളുമായുള്ള ബന്ധം തകർന്നാൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ല. അണികളെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കെണം.അല്ലാതെയുള്ള ഇത്തരത്തിലുള്ള അധികാരപ്രഭുത്വം തുടർന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ അടിത്തറ പൂർണ്ണമായും തകരുക തന്നെ ചെയ്യും.
അധികാരഭ്രമവും ധാർഷ്ട്യവും മാറ്റിവെച്ച് സാധാരണക്കാരനിലേക്ക് ഇറങ്ങിച്ചെല്ലാൻ തയ്യാറായില്ലെങ്കിൽ, ഈ തിരിച്ചടികൾ ഒരു തുടക്കം മാത്രമായിരിക്കും.




