ഇംഫാല്‍: മണിപ്പൂരില്‍ കുക്കി-സോ വിഭാഗത്തില്‍പ്പെട്ട നാല് സാധാരണക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച നാഗാ ഭൂരിപക്ഷ മേഖലകളായ തമംഗ്ലോങ്, നോനി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേർ കൊല്ലപ്പെട്ടത്.
ആറ് വയസുകാരന് വെടിയേല്‍ക്കുകയും മറ്റൊരു സ്ത്രീയെ കാണാതാവുകയും ചെയ്തു.
തമംഗ്ലോങ് ജില്ലയിലെ ടോളൻ ഗ്രാമത്തില്‍ പുലർച്ചെ നാലോടെയാണ് ആദ്യ ആക്രമണം നടന്നതെന്നാണ് കുക്കി-സോ സംഘടനകള്‍ പറയുന്നത്. സെയ്ന സിങ്സിറ്റും ഭാര്യ ലിൻസാങായിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സെയ്ന പിന്നീട് ആശുപത്രിയില്‍ മരിച്ചു. ആറ് വയസുകാരനായ മകനും വെടിയേറ്റിട്ടുണ്ട്. ശരീരത്തില്‍ വെടിയുണ്ട കുടുങ്ങിയ നിലയില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു രണ്ടാമത്തെ സംഭവം. അരി കൊണ്ടുപോകുകയായിരുന്ന മൂന്ന് പേരെ ആയുധധാരികള്‍ ആക്രമിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ ജൂലി ഗാങ്തെയും താങ്റോല് ഗാങ്തെയും സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ കാണാതായതായും റിപ്പോർട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സായുധ സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാൻഡ് (ഇസാക്-മുയിവ), സീലിയാങ്റോങ് യുണൈറ്റഡ് ഫ്രണ്ട് (കാംസണ്‍) എന്നീ സംഘടനകളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് കുക്കി-സോ സംഘടനകള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
സംഭവത്തില്‍ മണിപ്പൂർ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് കടുത്ത ദുഃഖം രേഖപ്പെടുത്തി. നിരപരാധികളായ സാധാരണക്കാർക്കെതിരായ ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സമൂഹത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച മുഖ്യമന്ത്രി പരിക്കേറ്റ കുട്ടിയുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കും ആശംസ നേർന്നു.




