കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും. വൈകിട്ട് കോഴിക്കോടെത്തുന്ന അദ്ദേഹം സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും.
സന്ദർശനം നടക്കാനിരിക്കെയാ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി ഇന്നലെ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ ഇബ്രാഹിം പ്രതികരണം നടത്തിയത്. സ്ത്രീകള്‍ വീടിനുള്ളില്‍ മാത്രം കഴിയണം എന്ന് കാന്തപുരം അടുത്തിടെ നടത്തിയ പരാമര്‍ശത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഖുര്‍ആന്‍, മതപാരമ്പര്യം, പ്രവാചകന്‍ എന്നീ വിഷയങ്ങളില്‍ വലിയ സംഭാവന നല്‍കിയിട്ടുള്ള ഒരു മതപണ്ഡിതനാണ് അദ്ദേഹം. പല നിലകളിലും മികച്ച അധ്യാപകനുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കണമെന്നില്ല,’ അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.
പരമ്പരാഗത ധാരയിലുള്ള പണ്ഡിതനാണ് കാന്തപുരമെന്നും പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പുണ്ടെങ്കിലും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവുമായി ബന്ധപ്പെട്ട ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അൻവർ ഇബ്രാഹിം പറഞ്ഞു.
കാന്തപുരം നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ നഴ്‌സിങ് കോളജിനെ ചൂണ്ടിക്കാട്ടിയ അന്‍വര്‍ ഇബ്രാഹിം, അവിടെ പഠിക്കുന്ന വനിതാ വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ ആശുപത്രികളില്‍ ജോലി ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ സര്‍വ്വകലാശാലകളില്‍ സ്ത്രീ വിദ്യാര്‍ത്ഥികളാണ് കൂടുതലുള്ളത്. തന്റെ ഭാര്യ ഒരു ഡോക്ടറാണ്.
പെണ്‍മക്കള്‍ ഉള്‍പ്പെടെ തന്റെ എല്ലാ മക്കള്‍ക്കും പഠിക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും എല്ലാ അവസരങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും താന്‍ പങ്കുവച്ചതായി അന്‍വര്‍ ഇബ്രാഹിം വ്യക്തമാക്കി.
അതേസമയം, മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനത്തെ തുടർന്ന് വൈകിട്ട് അഞ്ച് മണി മുതൽ വിവിധ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.




