കോഴിക്കോട്: സമസ്ത മുഖപത്രം സുപ്രഭാതത്തിലെ ‘മര്യാദക്ക് സംസാരിക്കണം’എന്ന ലേഖനത്തില്‍ വിശദീകരണവുമായി മാനേജിങ് എഡിറ്റര്‍ ടി പി ചെറൂപ്പ. ആ കോളം പത്രത്തിന്റെ അഭിപ്രായമോ നയമോ അല്ലെന്നാണ് മാനേജിങ് എഡിറ്ററുടെ വിശദീകരണം.
വ്യക്തിവിചാരമെന്ന കോളം എഡിറ്റോറിയലായി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ടി പി ചെറൂപ്പ് ചൂണ്ടിക്കാട്ടി. തലക്കെട്ട് മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും ടി പി ചെറൂപ്പ് പറഞ്ഞു.
‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ട് പത്രത്തിന്റെ ഭാഷയോ നിലപാടോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ എഡിറ്റോറിയൽ പ്രത്യക്ഷപ്പെടുന്ന സ്ഥലത്ത് വ്യക്തി വിചാരം വന്നതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്നും ടി പി ചെറൂപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ വിമര്‍ശിച്ചത് സമസ്തയില്‍ കടുത്ത ഭിന്നാഭിപ്രായത്തിന് കാരണമായിരുന്നു. ഇതിനിടെയാണ് വിശദീകരണം വന്നിരിക്കുന്നത്.
സമസ്ത മുഖപത്രം സുപ്രഭാതത്തിൽ കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു . ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടോടെയാണ് സതീശനെതിരെ സമസ്ത മുഖപത്രത്തിലെ എഡിറ്റോറിയല്‍ ഇറക്കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തര്‍ക്കം വിശദീകരിച്ചായിരുന്നു മുഖപ്രസംഗം തുടങ്ങുന്നത്. കൊണ്ടും കൊടുത്തുമാണ് സതീശന്‍ മുഖ്യമന്ത്രി കസേരയില്‍ എത്തിയതെന്ന് സുപ്രഭാതത്തിൽ പറഞ്ഞിരുന്നു.
ഇതിനിടയില്‍
മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ വർഗീയ ശക്തികൾ ഭീഷണിപ്പെടുത്തുന്നതും സമ്മർദ്ദത്തിലാക്കുന്നതും ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിപ്പറഞ്ഞിരുന്നു. ഇതിനെതിരെ സമസ്ത ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
മുസ്ലിം ലീഗും അതിന്റെ ഘടകകക്ഷികളും മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ച് ഒരു ലളിതമായ പ്രസ്താവന നടത്താൻ പോലും മുഖ്യമന്ത്രിക്ക് ഭയം മൂലം സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു.
മുസ്ലിം ലീഗിനെയും ചില തീവ്രവാദ സംഘടനകളെയും പ്രീണിപ്പിക്കാനുള്ള ഈ സമ്മർദ്ദങ്ങളുടെ ഭാഗമായാണ് പി.എം. ശ്രീ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പ്രധാന കേന്ദ്ര പദ്ധതികളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നതെന്നും ബി.ജെ.പി അധ്യക്ഷൻ ആരോപിച്ചു.
മുഖ്യമന്ത്രിയോടും കോൺഗ്രസിനോടും രാഷ്ട്രീയമായി കടുത്ത വിയോജിപ്പുകൾ ഉണ്ടെങ്കിലും, ജനാധിപത്യത്തിലെ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്നുവെന്നും കേരള സർക്കാർ മറുപടി പറയേണ്ടത് വോട്ട് ബാങ്ക് രാഷ്ട്രീയത്തോടല്ല, മറിച്ച് ഭരണഘടനയോടും ജനങ്ങളോടുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




