ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് മരണം; രണ്ട് പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മൂന്ന് മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെയായിരുന്നു പുറത്തെടുത്തത്. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബന്‍സല്‍ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. അപകടം അന്വേഷിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കർശന നടപടിയുണ്ടാകും. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു.

ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം നടന്നത്. പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം നല്‍കുന്ന ഹോസ്റ്റല്‍ ഡേസ് എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഞായറാഴ്ച ആയതിനാല്‍ ഭൂരിഭാഗം പേരും കെട്ടിടത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവം നടന്ന ഉടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.

മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ ഒരു കെട്ടിടം ഒഴിപ്പിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്), സെന്‍ട്രലൈസ്ഡ് ആക്സിഡന്റ് ആന്‍ഡ് ട്രോമാ സര്‍വീസസ് (സിഎടിഎസ്), സിവില്‍ ഡിഫന്‍സ്, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അടക്കം യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും രേഖ ഗുപ്ത പറഞ്ഞു. അപകടത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. സർക്കാർ ഉറക്കം ഉണരണമെന്ന് കെജ്‌രിവാൾ പറഞ്ഞു.