സാബു തൊട്ടിപ്പറമ്പില്‍
ഇടുക്കി:വിരമിക്കൽ ദിനത്തിൽ ജോലിസ്ഥലത്തോട് വിടപറയുമ്പോൾ പലർക്കും ഓർമകളുടെ വേലിയേറ്റമുണ്ടാകും.

എന്നാൽ, 18 വർഷം തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന കെഎസ്ആർടിസി ബസിനോട് പോൾ കുര്യൻ യാത്ര പറഞ്ഞത് ഏറെ വ്യത്യസ്തമായാണ്. ഹൃദയത്തിൽ തൊടുന്ന ആ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിന് മുമ്പ് കണ്ടിരുന്ന അതേ ബസിന്റെ മുന്നിലെത്തി ആദ്യം അദ്ദേഹം അതിൽ സ്നേഹത്തോടെ മുത്തമിട്ടു. കുറച്ചുനേരം ബസിനെ നോക്കിനിന്ന ശേഷം ഡ്രൈവർ സീറ്റിലിരുന്നു.
പിന്നീട് താഴെയിറങ്ങി ബസിന്റെ മുന്നിലെയും പിന്നിലെയും ടയറുകളിൽ കൈവെച്ച് തൊഴുതു.മുന്നിലെത്തി ഒരു മകനെയോ മകളെയോ പുണരുന്ന വാത്സല്യത്തൊടെ ബസിന്റെ മുന്നില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു.നിറഞ്ഞൊഴുകിയ കണ്ണുകള്‍ ആരും കാണാത്തവണ്ണമെന്നോണം തുടച്ച് നീക്കി.
അദ്ദേഹം തന്റെ പ്രിയപ്പെട്ട വാഹനത്തോട് അവസാനമായി വിട പറഞ്ഞത് വളരെ വൈകാരികമായിട്ടാണ്. വർഷങ്ങളോളം പോൾ കുര്യന്റെ ജോലിസ്ഥലം മാത്രമായിരുന്നില്ല ആ ബസ്. ജീവിതത്തിലെ സന്തോഷങ്ങളിലും പ്രയാസങ്ങളിലും ഒപ്പം സഞ്ചരിച്ച ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു അത്. ഉപജീവനം നൽകിയ തൊഴിലിനോടും നിത്യജീവിതത്തിന്റെ ഭാഗമായ വാഹനത്തോടുമുള്ള ആഴത്തിലുള്ള സ്നേഹവും ആദരവുമാണ് യാത്രപറച്ചിലിന്റെ ഓരോ നിമിഷത്തിലും പ്രകടമായത്.
വിരമിക്കൽ ദിനത്തിലെ ഈ വൈകാരിക രംഗങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. വർഷങ്ങളോളം ബസിനെയും ജോലിയെയും സ്വന്തം ജീവിതത്തിന്റെ ഭാഗമായി കണ്ട ഒരാൾക്ക് അത്ര പെട്ടെന്ന് അതിൽനിന്ന് പിരിയാനാകില്ലെന്നും പലരും കുറിച്ചു.
“വാഹനത്തെ സ്നേഹിച്ച് ജോലി ചെയ്യുന്ന ഒരു ഡ്രൈവറുടെ മനസാണ് ഈ യാത്രപറച്ചിലിൽ കാണുന്നത്.” എന്ന തരത്തിലുള്ള പ്രതികരണങ്ങളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. അന്നം നൽകിയ തൊഴിലിനോടും ഇത്രയും കാലം ഒപ്പം നിന്ന വാഹനത്തോടുമുള്ള നന്ദിയും ആദരവുമാണ് പോൾ പ്രകടിപ്പിച്ചതെന്നും പലരും അഭിപ്രായപ്പെടുന്നു
ഇടുക്കി കട്ടപ്പന സ്വദേശിയായ പോൾ കുര്യൻ 18 വർഷത്തെ സേവനത്തിനുശേഷമാണ് കെഎസ്ആർടിസിയിൽ നിന്ന് വിരമിക്കുന്നത്. സഹപ്രവർത്തകരോടും യാത്രക്കാരോടും മാത്രമല്ല, താൻ ഇത്രയും കാലം ഓടിച്ച ബസിനോടും ഹൃദയം നിറഞ്ഞൊരു യാത്രപറച്ചിൽ നടത്തിയാണ് പോൾ ഔദ്യോഗിക സേവനജീവിതത്തിന് വിരാമമിട്ടത്.




