അമേരിക്കന്‍ മലയാളികളുടെ കൊലപാതകം: അനിലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്,
സി സി ന്യൂസ്

അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതികളായ അഞ്ജന ഹരിയും, ആൻ മേരി മാത്യുവും കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

അമേരിക്കൻ മാധ്യമങ്ങളുടെയും കോടതിയിൽ സമർപ്പിച്ച രേഖകളുടെയും വിവരങ്ങൾ പ്രകാരം, സംഭവത്തിൽ അറസ്റ്റിലായ അഞ്ജനയുടെ സുഹൃത്ത് അനില ബേബിക്കെതിരെ ഗുരുതരമായ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കാലിഫോർണിയയിലെ മിൽപിറ്റസിൽ ആഗസ്റ്റ് 28-ന് ഉച്ചയോടെയാണ് അഞ്ജന ഹരി വാഹനമിടിച്ച് കൊല്ലപ്പെട്ടത്.

അമേരിക്കൻ മാധ്യമ റിപ്പോർട്ട് പ്രകാരം, അഞ്ജനയെ ഇടിച്ച വാഹനം നിർത്താതെ മുന്നോട്ടുപോയതായും, സംഭവസ്ഥലത്ത് ബ്രേക്ക് പ്രയോഗിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്താനായില്ലെന്നും അന്വേഷണ രേഖകളിൽ പറയുന്നു.
പിന്നീട് തകർന്ന നിലയിൽ വാഹനം കണ്ടെത്തുകയും അതിനുള്ളില്‍ അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് കേസിനെ കൂടുതൽ ഗൗരവമുള്ളതാക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുറ്റകൃത്യത്തിൽ വലിയ അക്രമവും ശരീരത്തിന് ഗുരുതരമായ പരിക്കേൽപ്പിക്കലും ഉണ്ടായിരുന്നുവെന്നും, സംഭവത്തിന്റെ രീതിയിൽ ക്രൂരതയും ആസൂത്രണവും പ്രകടമായിരുന്നുവെന്നും രേഖകളിൽ ആരോപിക്കുന്നു. കുറ്റകൃത്യം നടപ്പാക്കിയ രീതിയിൽ ‘ആസൂത്രണം, സങ്കീർണ്ണത, പ്രൊഫഷണലിസം’ പ്രകടമായിരുന്നുവെന്ന ഗുരുതരമായ പരാമർശവും കോടതി രേഖയിലുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.

അഞ്ജനയെ വാഹനം ഇടിച്ച സംഭവത്തിൽ ദൃക്സാക്ഷികളുടെ മൊഴികളും അന്വേഷണത്തിൽ നിർണായകമായി. അഞ്ജന വാഹനത്തിനടുത്തേക്ക് നടന്നെത്തിയപ്പോൾ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്ത് ഇടിച്ചതായാണ് ഒരു ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞത്. ഇടിച്ചതിന് പിന്നാലെ വാഹനം നിർത്താതെ മുന്നോട്ടുപോയതായും സമീപത്തെ മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് വാഹനം ബ്രേക്ക് ചെയ്തതിന്റെ വ്യക്തമായ അടയാളങ്ങൾ കണ്ടെത്താനായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നുവെന്നും അനിലയുടെ കൈകളിലും കാലുകളിലും പരിക്കുകളും രക്തക്കറകളും കണ്ടിരുന്നുവെന്നും അന്വേഷണ വിവരങ്ങൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം, അഞ്ജനയുടെ മരണത്തിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സാൻ ജോസിലെ വീട്ടിൽ ആൻ മേരി മാത്യുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആൻ മേരിയുടെ ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടായിരുന്നു. അമേരിക്കൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതുപ്രകാരം, ഇരുവരുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. പൊലീസ് ഇരു കേസുകളും ഔദ്യോഗികമായി തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
അഞ്ജനയും ആൻ മേരിയും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കളെയും മാധ്യമ റിപ്പോർട്ടുകളെയും ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. എന്നാൽ കൊലപാതകങ്ങൾക്ക് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് അമേരിക്കൻ പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതിനാൽ ജോലി, സാമ്പത്തിക പ്രശ്നം, വ്യക്തിവൈരാഗ്യം തുടങ്ങിയ കാരണങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങൾ സ്ഥിരീകരിച്ച വിവരങ്ങളായി കാണാനാകില്ല.

കേസിൽ അനിലക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട കൊലക്കുറ്റം ഉൾപ്പെടെ കേസിന്റെ തുടർനടപടികളിൽ കോടതി കൂടുതൽ വിവരങ്ങൾ പരിഗണിക്കും.