ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മലയാളി ബാലന് ദാരുണാന്ത്യം; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

മനാമ : അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ ദിവസങ്ങൾക്ക് മുൻപ് ബഹ്റൈനിലെത്തിയ മൂന്നു വയസ്സുകാരൻ വീടിനുള്ളിലെ ബാത്ത് ടബ്ബിൽ വീണ് മരിച്ചു.ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു അപകടം.

മരിച്ച മൂന്നു വയസ്സുകാരൻ ധ്യാൻ സൂര്യയുടെ മൃതദേഹം ഇന്ന് രാത്രി ഒൻപതിന് ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. ഇതിന് മുന്നോടിയായി മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ ഉടൻ പൊതുദർശനത്തിന് വയ്ക്കും.

കോട്ടയം പാലാ സ്വദേശിനി മേഘയുടെ (അൽഫോൻസ ജോസ്) ഏകമകൻ ധ്യാൻ സൂര്യയാണ് ദാരുണമായി മരിച്ചത്.

ബിസിനസ് തിരക്കുകൾ കാരണം മേഘ മകനെ നാട്ടിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു നിർത്തിയിരുന്നത്. അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാനായി നാല് ദിവസം മുൻപാണ് കുട്ടി ബഹ്റൈനിൽ എത്തിയത്.

അടുക്കളയിൽ അമ്മ ജോലി ചെയ്യുന്നതിനിടെ ഉറക്കമുണർന്ന കുട്ടി ബാത്ത്റൂമിലെത്തുകയും വെള്ളം നിറച്ചുവച്ചിരുന്ന ബാത്ത് ടബ്ബിൽ കളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയുമായിരുന്നു. കുട്ടിയെ ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) സജീവ പ്രവർത്തകയാണ് മേഘ.ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് ബഹ്റൈനിലെ പ്രവാസി സമൂഹം.