കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കുമേല്‍ പാല്‍ വണ്ടി പാഞ്ഞ് കയറി നാല് മരണം; അനുശോചിച്ച് മുഖ്യമന്ത്രി

ദിണ്ടിഗൽ(തമിഴ്നാട്):പാലുമായി അമിതവേഗതയിൽ വന്ന വാഹനമിടിച്ച് റോഡരികിൽ കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തിലെ മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടക്കം നാല് കുട്ടികൾ മരിച്ചു.ദിണ്ടിഗൽ ജില്ലയിലെ വടമധുരയ്ക്ക് സമീപമാണ് സംഭവം നടന്നത്. നഗരാജിന്റെ മക്കളായ യോഗവർഷിണി (11), ഇളയ സഹോദരി അനന്യ (6), ജഗതീശന്റെ മകൾ ധനുശ്രീ (3), ചിന്നത്തമ്പിയുടെ മകൻ മോശി കിരൺ (6) എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മുത്തശ്ശി അഞ്ജമ്മാൾ (60) ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വടമധുരയ്ക്ക് സമീപമുള്ള കൊല്ലപ്പെട്ടി സമത്വപുര സ്വദേശിയായ പഴനിസാമിയുടെ ഭാര്യ അഞ്ജമ്മാൾ (60) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ പുത്തൂർ-കണവമേട് പ്രദേശത്ത് ആടുകളെ മേയ്ക്കാൻ പോയതായിരുന്നു. കൊച്ചുമക്കളായ യോഗവർഷിണി, അനന്യ, ധനുശ്രീ, മോശി കിരൺ എന്നിവരുൾപ്പെടെ ആറുപേർ അവരോടൊപ്പം ഉണ്ടായിരുന്നു.

ആടുകളെ റോഡരികിൽ മേയാൻ വിട്ട ശേഷം അഞ്ജമാളും കുട്ടികളും റോഡരികിലെ കോൺക്രീറ്റ് സ്ലാബിൽ ഇരിക്കുകയും, കുട്ടികൾ സമീപത്ത് കളിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ കൊല്ലപ്പെട്ടിയിൽ നിന്ന് പുത്തൂരിലേക്ക് അതിവേഗതയിൽ വന്ന ഒരു പാൽ വാൻ കുട്ടികളുടെ മേലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളിൽ രണ്ട് പേർ ഓടിമാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപെട്ടു.

വാൻ കുട്ടികളുടെ മേൽ ഇടിച്ചശേഷം നിർത്താതെ പോകുകയായിരുന്നു.കുട്ടികൾക്കും മുത്തശ്ശിമാർക്കും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഇവരെ രക്ഷപ്പെടുത്തി രണ്ട് ആംബുലൻസുകളിലായി ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യോഗവർഷിണി ഉൾപ്പെടെയുള്ള നാല് കുട്ടികളും വഴിമധ്യേ മരിക്കുകയായിരുന്നു.
അപകടത്തിന് ശേഷം പാൽ വാൻ ഡ്രൈവറായ കുറുംപട്ടി സ്വദേശി ശരവണൻ (29) തന്റെ ഗ്രാമത്തിന് സമീപം വാഹനം നിർത്തി വടമധുര പൊലീസിൽ കീഴടങ്ങി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് കുട്ടികളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും തമിഴ്നാട് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ജമ്മാളിന് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച നാല് കുട്ടികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ പൊതു ദുരിതാശ്വാസ നിധിയിൽ നിന്ന് 3 ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ജമ്മാളിന് 1 ലക്ഷം രൂപയും ധനസഹായം നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടു.