ന്യൂയോര്‍ക്ക്: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ പരിപാടിയെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനി വ്യക്തമാക്കി. എന്നാല്‍ ന്യൂയോര്‍ക്ക് ഭരണകൂടത്തിന് അതില്‍ അനുമതി നിഷേധിക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 29നാണ് ആര്‍എസ്എസ് മേധാവിയുടെ സ്വകാര്യ പരിപാടി അമേരിക്കയില്‍ നിശ്ചയിച്ചിരിക്കുന്നത്.
ആര്‍എസ്എസ് നൂറ് വര്‍ഷം പിന്നിട്ട അവസരത്തില്‍ നടത്തുന്ന ‘ഗ്ലോബല്‍ ഔട്ട് റീച്ച്’ പ്രോഗ്രാമിന്റെ ഭാഗമായി ഭാഗവത്ത് യുഎസില്‍ എത്തിയതിന് പിന്നാലെയാണ് മംദാനിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ എത്തുന്ന ഭാഹവത് യൂണിവേഴ്സല്‍ വണ്ണെസക് പരിപാടിയുടെ ഭാഗമായി 5,000 ത്തോളം ആളുകളെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിപാടി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മംദാനിയുടെ മറുപടി. താന്‍ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മേയര്‍ എന്ന നിലയില്‍ അഭിമാനിക്കുന്നെന്നും തന്റെ കുടുംബം ഇപ്പോഴും ഇന്ത്യയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തില്‍ നിന്ന് താന്‍ മനസ്സിലാക്കിയതും, വളര്‍ന്നുവന്നപ്പോള്‍ അറിഞ്ഞതുമായ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ‘വൈവിധ്യമാര്‍ന്ന ഒരു സമൂഹത്തെയും, ഇന്ത്യയില്‍ നിന്നുള്ള ഓരോ വ്യക്തിക്കും തങ്ങളുടേതായ ഒരിടമുണ്ടെന്ന് വിശ്വസിക്കുന്ന മതേതര റിപ്പബ്ലിക്കിനെയും’ കുറിച്ചുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏതൊരു രാജ്യത്തെയും സംബന്ധിച്ചിടത്തോളം, ആളുകളെ മാറ്റിനിര്‍ത്തുന്നതോ ഒഴിവാക്കുന്നതോ ആയ കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനം വളര്‍ന്നുവരുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. അതുകൊണ്ടുതന്നെ, അതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. ഒരു ഇന്ത്യന്‍-അമേരിക്കന്‍ എന്ന നിലയില്‍ മാത്രമല്ല, മറിച്ച് നിറം, വംശം, മതം, വിശ്വാസം, അല്ലെങ്കില്‍ ജന്മദേശം എന്നിവ പരിഗണിക്കാതെ ഓരോ വ്യക്തിക്കും ഇവിടെ തുല്യമായ ഇടമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു നഗരത്തിന്റെ മേയര്‍ എന്ന നിലയിലും കൂടിയാണിത്,’ എന്നും ആര്‍എസ്എസ് മേധാവിയുടെ പരിപാടിയെ എതിര്‍ത്തുകൊണ്ട് മംദാനി പറഞ്ഞു.
മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ എതിര്‍ത്തുകൊണ്ടും, അത് റദ്ദാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടുകൊണ്ടും ന്യൂയോര്‍ക്ക് സിറ്റി ഹാളിന് പുറത്ത് വിവിധ മത-പൗരാവകാശ സംഘടനകളും പത്രസമ്മേളനം നടത്തിയിരുന്നു. ‘ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്’, ‘ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍’, ‘ഇന്റര്‍ഫെയ്ത്ത് സെന്റര്‍ ഓഫ് ന്യൂയോര്‍ക്ക്’ തുടങ്ങിയവയായിരുന്നു ഈ സംഘടനകളില്‍ ഉള്‍പ്പെട്ടിരുന്നത്.




