ന്യൂഡൽഹി: വിളകൾ നശിക്കുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ആനകളുടെ സ്വാഭാവിക സഞ്ചാരപാതയായ ആനത്താരകളിൽ തടസ്സം സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീംകോടതി. ആനകളുടെ സ്വാഭാവിക സഞ്ചാരം തടയാൻ തോക്കുകൾ ഉൾപ്പെടെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. രാജ്യത്തെ ആനത്താരകളിൽ കേന്ദ്രസർക്കാർ പുതിയ സർവേ നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ആനക്കൂട്ടങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്ന സ്വഭാവമുള്ളവയാണെന്നും അവയുടെ ആവാസകേന്ദ്രങ്ങൾക്കിടയിൽ തടസ്സമില്ലാത്ത സഞ്ചാരപാത അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രാദേശികമായ ഘടകങ്ങൾ മാത്രം കണക്കിലെടുത്ത് ആനത്താരകളിൽ സംസ്ഥാന സർക്കാരുകൾ തടസ്സം സൃഷ്ടിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
ആനത്താരകളിലൂടെ ആനകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ ആവശ്യമായ നിർബന്ധിത മാർഗനിർദേശങ്ങൾ പരിസ്ഥിതി, വനം മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, ചില സ്ഥലങ്ങളിൽ പ്രാദേശിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ആനത്താരകൾ തടസ്സപ്പെടുകയോ പൂർണമായും അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആനത്താരകളിൽ പുതിയ സർവേ നടത്താനും വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി നിർദേശിച്ചത്. തടസ്സങ്ങൾ ഒഴിവാക്കാൻ സ്വീകരിച്ച നടപടികളും ആനത്താരകളുടെ സംരക്ഷണത്തിനായി കൈക്കൊണ്ടിട്ടുള്ള മറ്റ് നടപടികളും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ആനകളെ മനുഷ്യവാസ കേന്ദ്രങ്ങളിൽനിന്നും കൃഷിയിടങ്ങളിൽനിന്നും തുരത്തുന്നതിനായി സ്വീകരിക്കുന്ന രീതികളിലും കോടതി ആശങ്ക രേഖപ്പെടുത്തി. ജനക്കൂട്ടം ചേർന്ന് ആനകളെ പിന്തുടരുന്ന സംഭവങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണെന്ന് കേസിൽ ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പരിസ്ഥിതിലോലമായ തമിഴ്‌നാട്ടിലെ സെഗൂർ പീഠഭൂമിയിലെ ആനത്താരയിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ആനകളുടെ സഞ്ചാരപാതയായി പ്രഖ്യാപിച്ച പ്രദേശത്തിന്റെ സംരക്ഷണത്തിനായി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച നിർദേശങ്ങളിൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സെഗൂർ പീഠഭൂമി പശ്ചിമഘട്ടത്തിലെ നിർണായകമായ ആനത്താരയാണ്. ആനകൾക്ക് സെഗൂർ പീഠഭൂമിക്കും മുതുമല കടുവാ സങ്കേതത്തിനുമിടയിൽ സഞ്ചരിക്കാൻ ഈ ഇടനാഴി പ്രധാനമാണ്.




