പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
വിശുദ്ധ വേദപുസ്തക അടിസ്ഥാനമാണ് പെന്തക്കോസ്ത് ഉപദേശവും വിശ്വാസവും. നാം വീറോടെ പറയുന്നു ഞങ്ങൾക്ക് ആചാരങ്ങളും, കർമ്മങ്ങളും പെരുന്നാളുകളും ഇല്ല. എന്നാൽ നമ്മുടെ പല ശുശ്രൂഷകളും ഇപ്പോൾ വെറും ആചാരവും ആരോചകവും ആയി മാറ്റപ്പെട്ടു. ഇത് വിരക്തിയും മനം മടുപ്പിക്കലും സൃഷ്ടിക്കുന്നു. ഇന്നുള്ള വിവാഹ ശവ സംസ്കാര ശുശ്രൂഷകളിൽ ഇത് പലപ്പോഴും തള്ളി നിൽക്കുകയാണ്. കുമ്പസാരവും കുർബാനയും ഇല്ലെന്നു വീമ്പടിക്കുന്ന നാം കൊണ്ടുനടക്കുന്ന വിഴിപ്പിൻ്റെ വലിപ്പം വലുതാണ്. ഒരു വിശ്വാസി ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു കഴിയുമ്പോൾ ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവർക്കും ദൈവമക്കൾക്കും ഒടുവിൽ ആയി കൊടുക്കുവാൻ കഴിയുന്നത് മാന്യമായ ഒരു യാത്രയയപ്പ് ശിശ്രൂഷയാണ്. ഇത് ഇപ്പോൾ ഒരു സ്റ്റേജ് ഷോ ആയി മാറി എന്നുള്ളത് തികച്ചും പരിതാപകരമാണ്.
ആരെയാണ് ഇന്നുള്ള ശവസംസ്കാര ശുശ്രൂഷകളിൽ നാം ആദരിക്കുന്നത്? മരിച്ച വ്യക്തിയെയും കുടുംബത്തെയും ബഹുമാനിച്ചും സ്നേഹിച്ചും കടന്നുവരുന്ന ഒരു കൂട്ടം എല്ലായിടത്തും ഉണ്ട് . ഇതിനിടയിൽ ഒരു പ്രോഗ്രാമിന് വേണ്ടി മാത്രം വരുന്നവരുടെ ഒരു നിര എവിടെയും കാണുവാൻ കഴിയും. ഇങ്ങനെയുള്ളവർ സമയം മോഷ്ടിക്കുന്ന സമയം കൊല്ലികൾ അത്രേ ഇവർക്ക് വിളങ്ങുവാനും വിളമ്പുവാനും അവസരം ഒരുക്കി കൊടുത്തില്ലെങ്കിൽ മുഖം ചുളിയും. ഇവരുടെ അനുശോചനം പിന്നെ അമർഷമായി പുറത്തുവരും. ഇങ്ങനെയുള്ളവരെ അകറ്റി നിർത്തുന്നതാണ് ഉചിതം.
ഇവരുടെ ആഗ്രഹം എൻ്റെ പേര്, എൻ്റെ മുഖം, എൻ്റെ വാക്ക് എല്ലാവരും കേട്ടോണം എന്നെ കണ്ടോണം ഇത് തികച്ചും അസഹനീയമാണ്. ഇവരിൽ ചിലർ മൈക്കിനു മുമ്പിൽ നിന്ന് കഴിഞ്ഞാൽ വേറെ ഒരു പത്തുപേരുടെ അനുശോചനം കൂടി രേഖപ്പെടുത്തിയിട്ട് മാത്രമേ ഇറങ്ങത്തൊള്ളൂ. ഈ അനുശോചനം എന്ന നീരാളി പെന്തക്കോസ് സമൂഹത്തെ ചുറ്റി വരിഞ്ഞു കൊണ്ടിരിക്കുകയാണ്. വന്നവനും, വഴിയെ പോകുന്നവനും, ആയുസ്സിൽ ഒരുവട്ടം പോലും ഈ ലോകത്തോട് യാത്ര പറഞ്ഞ വ്യക്തിയെ കണ്ടിട്ടില്ലാത്തവനും, കൈ കൊടുക്കാത്തവനും വേദനിക്കുന്ന പ്രിയ കുടുംബങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട് വീമ്പിളക്കുന്നത് ലജ്ജയാണ്. ഈ അടുത്ത സമയത്ത് ഒരു മഹാൻ തൻ്റെ വീട്ടിൽ 10 ബാത്റൂമും 50 ലക്ഷത്തിൻ്റെ കാറും ഉണ്ടെന്ന് ശവസംസ്കാര ശുശ്രൂഷയിൽ വിളമ്പിയത് കേട്ടപ്പോൾ മനംപുരട്ടൽ ഉണ്ടായി.
ഇൻറർനെറ്റ് ഓഡിയോ വീഡിയോ സൂം മാധ്യമങ്ങൾ വർദ്ധിച്ചതും ഈ കാലഘട്ടത്തിൽ ഒരു തരം തലവേദനയായി തീർന്നിരിക്കുകയാണ്. ലോകത്തിൻ്റെ ഏതെങ്കിലും മൂക്കിലോ മൂലയിലോ കിടക്കുന്ന ബന്ധുക്കളുടെ ബന്ധുക്കളുടെയും ചില നേതാക്കന്മാരുടെയും പമ്പാ നദി ഒഴുകുന്നത് പോലെയുള്ള വീഡിയോ അനുശോചനങ്ങൾ ശവസംസ്കാര വേളയിൽ കേട്ട് ജനം മടുത്തു. ഒരു ചില്ലി കാശു പോലും മുടക്കി കടന്നു വരുവാൻ തുനിയാത്ത ഇവർക്ക് എന്തിന് കൊടുക്കുന്നു ഈ പാഴ് സമയങ്ങൾ. അല്ല നിർബന്ധമാണെങ്കിൽ ഇങ്ങനെയുള്ള വീഡിയോ അനുശോചനങ്ങൾ ശവസംസ്കാര ശുശ്രൂഷ കഴിഞ്ഞ് ഭവനത്തിലോ ഹാളിലോ ഭക്ഷണത്തിന് ഒത്തു കൂടുമ്പോൾ പ്രദർശിപ്പിക്കട്ടെ. ഇഷ്ടമുള്ളവർ ഇരുന്ന് കേൾക്കട്ടെ. ഇങ്ങനെയുള്ള മനം മടുപ്പിക്കുന്ന അനുശോചനങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്ന് പുറത്തുപോകണം.
ചില നടത്തിപ്പുകാർ എല്ലാവരുടെയും പ്രശംസയും പ്രസാദവും പിടിച്ചു പറ്റുവാൻ മരിച്ചുപോയ വ്യക്തിയുമായി ഒരു ബന്ധവും ഇല്ലാത്തവരെ ഇല്ലാത്ത സമയമുണ്ടാക്കി സ്റ്റേജിൽ കയറ്റുന്നത് കാണുമ്പോൾ തലകുനിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട മുഷിപ്പൻ പ്രസ്താവനകൾ വഴി മാറി കൊടുക്കട്ടെ. കൈമടക്ക് മേടിക്കുവാനും, രണ്ടു വാക്ക് പറയുവാനും വേണ്ടി മാത്രം വരുന്നവരെ കഴിവതും അകറ്റി നിർത്തുന്നതല്ലേ നമുക്ക് യോഗ്യം. വേർപാടിൻ്റെ തീവ്രമായ ദുഃഖത്തിലൂടെ കടന്നുപോകുന്ന കുടുംബത്തിന് വാതോരാതെയുള്ള ബോറൻ അനുശോചനവും, ഭംഗി വാക്കുകളും, കാതടപ്പിക്കുന്ന നീണ്ട പ്രസംഗങ്ങളും അല്ല ആവശ്യം. എന്നാൽ കരയുന്ന മനസ്സുകളോടുകൂടെ ചേർന്നിരുന്ന് നമ്മുടെ സാന്നിധ്യം പ്രവർത്തിയിലൂടെ ഒരു നിമിഷം പങ്കുവയ്ക്കുവാൻ കഴിയുമെങ്കിൽ അതെന്നും അവർക്കൊരു ആശ്വാസമാണ്. നമ്മിൽ നിന്ന് വേർപെട്ടു പോയവരെ സ്വർഗ്ഗത്തിലേക്ക് അയക്കുന്നത് നീണ്ട അനുശോചനവള്ളിയിലും നീളുന്ന ഭംഗി വാക്കുകളിലും അല്ല എന്നുള്ള യാഥാർത്ഥ്യം മറക്കരുത്.
സാമുദായിക സഭകളിൽ ശവസംസ്കാരം ഒരു പാവന ശുശ്രൂഷയാണ് . വളരെ ബഹുമാനത്തോടും ആദരവോടും അച്ചടക്കത്തോടും ഈ ശുശ്രൂഷ നടത്തപ്പെടുന്നത് നമുക്ക് കാണുവാൻ കഴിയും. സദസ്സിലുള്ള വ്യക്തികളെ ഉയർത്തുന്ന കലാ പരിപാടിയും വരുന്നവർക്കും പോകുന്നവർക്കും വാതോരാതെ പറയുവാനും അവിടെ അനുവദനീയമല്ല. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന അനുശോചനം പരിതസ്ഥിതി മലിനീകരണം പോലെ പെന്തക്കോസ്തിൻ്റെ മലിനീകരണം ആയി മാറിയിരിക്കുന്നു. സ്റ്റേജിലേക്ക് തള്ളിക്കയറുന്നവരുടെ എണ്ണം കുറയട്ടെ. മൺമറഞ്ഞുപോയ വ്യക്തിയെ ബഹുമാനിച്ചുകൊണ്ടും ആദരിച്ചുകൊണ്ടുമുള്ള ശുശ്രൂഷകൾ പരിശുദ്ധാത്മാവിൽ പ്രത്യാശയുടെ പാട്ടുകളിലൂടെയും കൊച്ചു സന്ദേശങ്ങളിലൂടെയും പുറത്തു വരട്ടെ. വേദനിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവും സമാധാനവും പ്രത്യാശയും സ്വർഗ്ഗം കൊടുക്കുന്ന സമയങ്ങളായി ശുശ്രൂഷകൾ മാറട്ടെ. മരിച്ചവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്ന് വിശ്രമിക്കട്ടെ. നമ്മുടെ ശുശ്രൂഷകൾ ആശ്വാസത്തിൻ്റെ കിരണങ്ങളും, പ്രത്യാശയുടെ നങ്കൂരവും ആയി തീരട്ടെ. എന്തൊക്കെയോ തല്ലിക്കൂട്ടുന്ന പദ്ധതികൾ അഴിച്ചു മാറ്റുവാൻ സമയമായി.




