വാഷിങ്ടണ്‍: അമേരിക്കയുടെ ഉയര്‍ന്ന താരിഫുകള്‍ മറികടക്കുന്നതിന് ഇന്ത്യയടക്കം 40ഓളം രാജ്യങ്ങള്‍ ചൈനയെ സഹായിച്ചതായി യുഎസ്. ഷാഡോ നെറ്റ്‌വര്‍ക്കുകള്‍ എന്നാണ് അമേരിക്ക ഈ രാജ്യങ്ങളെ വിളിക്കുന്നത്. അത്തരം ഇടപെടലുകള്‍ എഐ ഉപയോഗിച്ച് കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് യുഎസ് ഉദ്യോഗസ്ഥരെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോ പുറത്തിറക്കിയ ‘ദ ഗ്രേറ്റ് ട്രാന്‍സ്ഷിപ്‌മെന്റ് സ്‌കാം’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ട്രംപ് ഭരണകൂടം ചൈനയ്ക്ക് ആദ്യമായി വകുപ്പ് 301 പ്രകാരമുള്ള താരിഫ് ചുമത്തിയ 2018 മുതലാണ് ഈ രീതി സ്വാഭാവികമായി വര്‍ധിച്ച് വന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൂന്നാം രാജ്യങ്ങളിലൂടെ ഓരോ വര്‍ഷവും വഴിതിരിച്ചുവിടുന്ന സാധനങ്ങളുടെ മൂല്യം 40 ബില്യണ്‍ അമേരിക്കന്‍ ഡോളറിനും 303 ബില്യണ്‍ ഡോളറിനും ഇടയിലാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉത്പന്നങ്ങള്‍ മറ്റ് രാജ്യത്തേതാണെന്ന പ്രതീതി സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറഞ്ഞ തൊഴില്‍ ചെലവ്, പരിമിതമായ കസ്റ്റംസ് മേല്‍നോട്ടം, പെട്ടെന്ന് അമേരിക്കന്‍ മാര്‍ക്കറ്റില്‍ എത്തിപ്പെടാന്‍ സഹായിക്കുന്ന രാജ്യങ്ങള്‍ എന്നിവ നോക്കിയാണ് ചൈന കയറ്റുമതി ചെയ്യുന്നത്. മൂന്നാം രാജ്യങ്ങളിലൂടെ വഴിതിരിച്ചുവിട്ട് അമേരിക്കയിലെത്തുന്ന സാധനങ്ങള്‍ തിരിച്ചറിയാന്‍ ‘ഡിറ്റക്ടീവ് ബോര്‍ഡര്‍’ എന്ന എഐ ടൂള്‍ വികസിപ്പിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നുണ്ട്.




