മോസ്കോ: റഷ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ തതാറസ്താൻ പ്രവിശ്യയിലെ നിഷ്നെകാം സ്കിൽ നഗരത്തിൽ തിങ്കളാഴ്ച യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 75 പേർക്ക് പരിക്കേറ്റു. ഇവിടത്തെ ജനവാസമേഖല കേന്ദ്രീകരിച്ചും യുക്രൈൻ ആക്രമണമുണ്ടായി.
യുക്രൈൻ അതിർത്തിയിൽനിന്ന് 1200 കിലോമീറ്റർ അകലെയാണ് നഗരം. രണ്ട് എണ്ണശുദ്ധീകരണ ശാലകളും ഒരു പെട്രോകെമിക്കൽ പ്ലാൻ്റും നിഷ്‌നെകാംസ്‌കിലുണ്ട്. റഷ്യയുടെ ഊർജമേഖലയെ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ യുക്രൈൻ അടുത്തിടെ കടുപ്പിച്ചിരുന്നു. ഇത് റഷ്യയിൽ ഇന്ധനക്ഷാമത്തിനും കാരണമായിട്ടുണ്ട്.
നാലുവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിനെ ചർച്ചയ്ക്ക് പ്രേരിപ്പിക്കുന്നതിനുള്ള തന്ത്രമാണ് ആക്രമണമെന്ന് യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. ‘റഷ്യയുടെ ഓരോ ആക്രമണത്തിനും ചുട്ടമറുപടി ഞങ്ങൾ നൽകും. റഷ്യ തുടി ങ്ങിവെച്ച യുദ്ധത്തിൻ്റെ ദുരിതം അവരുടെ സ്വന്തം മണ്ണിലും അനുഭവപ്പെടാൻ പോവുകയാണ്’- സെലെൻസ്കി ഞായറാഴ്ച സാമൂഹികമാധ്യമത്തിൽ കുറിച്ചു.




