വെബ് സീരീസ് കണ്ടുള്ള കൊലപാതകം; ഭാര്യയെ വധിച്ച് 12 ലക്ഷവുമായി മുങ്ങിയ ഭർത്താവ് പിടിയില്‍

ന്യൂഡൽഹി: സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയത് വെബ് സീരീസ് കണ്ട്. പ്രശസ്ത എച്ച്ബിഒ ട്രൂ ക്രൈം വെബ് സീരീസായ ‘ദ സ്റ്റെയർകേസ്’ കണ്ട് പ്രചോദനം ഉൾക്കൊണ്ട് ഭാര്യയെ കൊലപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുമായി കടന്നുകളഞ്ഞ 62-കാരനായ സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് അറസ്റ്റിൽ.

കിഴക്കൻ ഡൽഹിയിൽ നടന്ന കൊലപാതകത്തിൽ കമൽ സിങിനെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യ കോമൾ സിംഗിനെയാണ് കമൽ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആയുധം നശിപ്പിക്കുകയും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മഥുരയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

ജൂലൈ 30-നാണ് കൊലപാതകം നടന്നത്. മകൻ ലൈബ്രറിയിലും മകൾ ഓഫീസിലും പോയ സമയത്തായിരുന്നു കൃത്യം. വീട്ടുജോലിക്കാരി ജോലി കഴിഞ്ഞ് മടങ്ങിയതോടെ വീട്ടിൽ കമലും ഭാര്യ കോമളും മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12:45 ഓടെ കോമൾ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുമ്പോൾ കമൽ പിന്നിൽ നിന്ന് വാൾ ഉപയോഗിച്ച് തലയിൽ അടിക്കുകയായിരുന്നു. അടികൊണ്ടതോടെ കോമൾ നിലവിളിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി. പിന്നാലെ പോയ കമൽ സ്വീകരണമുറിയിൽ വച്ച കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. കോമളിന്റെ നിലവിളി അയൽക്കാർ കേട്ടിരുന്നെങ്കിലും ആരും ഇടപെട്ടില്ല. ശബ്ദം കേട്ട് കമലിന്റെ പിതാവ് ഭാര്യയോട് പോയി അന്വേഷിക്കാൻ പറഞ്ഞെങ്കിലും “അവരുടെ കാര്യത്തിൽ തലയിടേണ്ട” എന്ന് പറഞ്ഞ് തടയുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ചോരപുരണ്ട വസ്ത്രങ്ങളും വാളും ഒരു ബാഗിലാക്കിയ കമൽ കുളിച്ച ശേഷം കടന്നു കളയുകയായിരുന്നു. ഭാര്യയുടെ മുറിയിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും രണ്ട് അക്കൌണ്ടുകളിൽ നിന്നായി ഏഴ് ലക്ഷം രൂപയും പിൻവലിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. പോവുന്ന വഴിക്ക് വാൾ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. രാത്രി 9:15 ഓടെ വീട്ടിലെത്തിയ 26 വയസ്സുകാരനായ മകൻ ഗൗരവ് സിംഗാണ് ചോരയിൽ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്. പലതവണ ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് എത്തിയതായിരുന്നു മകൻ.

സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് തെളിവുകളും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഓൺ ചെയ്ത ഫോണുമായി ഖൊരഖ്പൂരിലേക്കാണ് ആദ്യം ഇയാൾ പോയത്. നേപ്പാളിലേക്ക് കടന്നു എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഖൊരഖ്പൂരിൽ വച്ച് ഫോൺ ഓഫ് ചെയ്ത ശേഷം ഇയാൾ മഥുരക്ക് പോവുകയായിരുന്നു. മൂന്ന് ദിവസം നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇയാളെ മഥുരപൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തിയത്. ഇയാളിൽ നിന്ന് സ്കൂട്ടറും 12.75 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ, ‘ദ സ്റ്റെയർകേസ്’ വെബ് സീരീസിൽ കാണിച്ചതുപോലെ കൊലപാതക ചെയ്തതെന്നും, ആയുധം നശിപ്പിച്ചാൽ തെളിവുകൾ ദുർബലമാകുമെന്ന് കരുതിയാണ് വാൾ ഉപേക്ഷിച്ചതെന്ന് ഇയാൾ സമ്മതിച്ചു. നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി