ചെങ്കടലില്‍ ഇന്ത്യൻ ചരക്കുകപ്പലിനു നേരെ ആക്രമണം; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ചെങ്കടലില്‍ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലിനു നേരെ ആക്രമണം. ഇന്ത്യൻ പതാക വഹിക്കുന്ന ‘എംഎസ് വി ഫൈസ് നൂറെ ഒലിയ’യ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്..

ആക്രമണത്തെ തുടർന്ന് കപ്പല്‍ പൂർണമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇവരില്‍ യെമൻ സ്വദേശിയായ ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നു.

ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് യെമന്റെ നാഷണല്‍ റെസിസ്റ്റൻസ് ഫോഴ്സ് ആരോപിച്ചു. അതേസമയം ഹൂത്തികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജീവനക്കാരെ രക്ഷിച്ചതിന് യെമൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

പ്രകോപനമില്ലാതെയാണ് ‘എംഎസ്വി ഫൈസ് നൂർ ഒലിയ’യ്ക്കുനേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാള്‍ എക്സില്‍ കുറിച്ചു. ആക്രമണത്തെ തുടർന്ന് കപ്പല്‍ തലകീഴായി മറിഞ്ഞ് മുങ്ങുകയായിരുന്നു. യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളും ഇല്ലാത്ത കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി ഇന്ത്യക്കാരുടെ സുരക്ഷ പ്രധാനമാണെന്നും കൂട്ടിച്ചേർത്തു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി