ന്യൂഡല്‍ഹി: കടലാസിന് പകരം പ്ലാസ്റ്റിക് (പോളിമർ) ഉപയോഗിച്ച് നിർമിക്കുന്ന കറൻസി നോട്ടുകള്‍ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് (ആർബിഐ) നിർദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം.
പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാൻ റിസർവ് ബാങ്ക് പദ്ധതിയിടുന്നതായി കഴിഞ്ഞമാസം തന്നെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ നീക്കം കടലാസ് കറൻസിയുടെ അന്ത്യത്തെയല്ല സൂചിപ്പിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നിലവിലുള്ള കടലാസ് കറൻസികള്‍ക്കൊപ്പമാണ് പ്ലാസ്റ്റിക് നോട്ടുകളും വിനിമയം ചെയ്യപ്പെടുക. പ്ലാസ്റ്റിക് നോട്ടുകള്‍ എത്തുന്നതിനനുസരിച്ച് കടലാസ് നോട്ടുകള്‍ നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ പറയുന്നു.
10-ന്റേയും 20-ന്റേയും 100 കോടി വീതം എണ്ണം പോളിമർ നോട്ടുകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക. പരീക്ഷണം വിജയിച്ചാല്‍ പ്ലാസ്റ്റിക് നോട്ടുകള്‍ വ്യാപകമാക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കടലാസ് നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകള്‍ കൂടുതല്‍ കാലം ഈടുനില്‍ക്കും എന്നതാണ് റിസർവ് ബാങ്ക് ഇതിന് ന്യായമായി പറഞ്ഞത്. കൂടാതെ ഉയർന്ന പണവിനിമയം നടക്കുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് അനുയോജ്യമാണ് ഇത്തരം നോട്ടുകളെന്നും ആർബിഐ പറയുന്നു.
കടലാസ് കറൻസികള്‍ പൂർണമായും പ്ലാസ്റ്റിക്കിലേക്ക് മാറ്റാനുള്ള ആലോചന ഇപ്പോഴില്ലെന്ന് ലോക്‌സഭയിലെ മറുപടിയില്‍ മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.




