‘പാറ്റാ’ പ്രയോഗത്തിൽ അണപൊട്ടിയ ജനരോഷം;ഇത് യുവത കുറിക്കുന്ന പുതിയ ചരിത്രം!

കെ,എന്‍. റസ്സല്‍
(ചീഫ് എഡിറ്റര്‍ ,ക്രൈസ്തവ ചിന്ത)

സുപ്രീം കോടതിയിൽ നിന്ന് വീണ ഒരു “പാറ്റ” (Cockroach) പ്രയോഗം. പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുമെന്ന് അധികാരികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല! തങ്ങളുടെ ആത്മാഭിമാനത്തിന് നേരെ വന്ന ആ അധിക്ഷേപത്തിൽ തൊട്ട് യുവാക്കൾ തെരുവിലിറങ്ങിയപ്പോൾ രാജ്യതലസ്ഥാനം വിറച്ചു.

ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ വിദ്യാഭ്യാസ മന്ത്രിക്ക് പടിയിറങ്ങേണ്ടിയും വന്നു.
​എന്നാൽ, കേവലം ഒരു മന്ത്രിയുടെ രാജിയിലോ തെരുവ് സമരത്തിലോ അവസാനിക്കുന്ന ഒന്നല്ല ഇതെന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യുന്ന, രാജ്യത്ത് പുതിയൊരു രാഷ്ട്രീയ തലമുറമാറ്റത്തിന് തിരി കൊളുത്തിയ ഒരു വലിയ പ്രസ്ഥാനത്തിന്റെ തുടക്കമാവാമിത്.

​ഈ പ്രതിരോധത്തിന് മുന്നിൽ നിന്ന് വഴിനടത്തിയത് അഭിജിത് ദീപ്കെ എന്ന യുവാവാണ്. സുപ്രീം കോടതിയിലെ പ്രയോഗത്തിന് പിന്നാലെ, സംവിധായിക അനുരാധ തിവാരി അടക്കമുള്ള പ്രമുഖർ അഭിജിത്തിനെതിരെ കടുത്ത അധിക്ഷേപങ്ങളുമായി രംഗത്തെത്തി. ‘ആ ഗയ ഡീ കാർഡ്’ പോലെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും സൈബർ ഇടങ്ങളിൽ തടസ്സമില്ലാതെ നടന്നു.
​എന്നാൽ, ഈ സൈബർ ആക്രമണങ്ങളോ അധിക്ഷേപങ്ങളോ ഒന്നും തന്നെ അഭിജിത്തിനെ തളർത്തിയില്ല! നിശബ്ദനാകാൻ ഒരുക്കമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ആ അധിക്ഷേപത്തെ തന്നെ തന്റെ ഏറ്റവും വലിയ ആയുധമാക്കി മാറ്റുകയാണ് അവൻ ചെയ്തത്.

​’കോക്രോച്ച് ജനതാ പാർട്ടി’ യുടേത് (CJP) അതിജീവനത്തിന്റെ രാഷ്ട്രീയമാണ് കയ്യാളുന്നത്.
​യുവാക്കളെ രാഷ്ട്രീയമായി സജീവമാക്കാനും വിവരാവകാശ നിയമം അടക്കമുള്ള ഭരണഘടനാപരമായ മാർഗ്ഗങ്ങളിലൂടെ സർക്കാരുകളെ ചോദ്യം ചെയ്യാനും അവരെ പ്രാപ്തരാക്കുന്നു. ഒരു വലിയ ഓൺലൈൻ പ്രസ്ഥാനമായി ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപപ്പെട്ടു കഴിഞ്ഞു.
​മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ ഇതിനും നേതാക്കളോ പരമ്പരാഗത കൊടികളോ ഉണ്ടായിരുന്നില്ല. തേനിച്ചക്കൂട്ടം റാണിക്കു ചുറ്റും വന്ന് കൂട്ടം കൂടുന്നതുപോലെ, രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ ലക്ഷക്കണക്കിന് യുവാക്കളാണ് ഇതിന് ചുറ്റും അണിനിരന്നത്.
​അഭിജിത്തിനെതിരായ സൈബർ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് വലിയൊരു കൂട്ടം ‘പാറ്റകൾ’ പിന്തുണയുമായി രംഗത്തെത്തി.
ഭരണകൂടവും സൈബർ സംഘങ്ങളും ഓരോ തവണയും അവന്റെ എക്സ് (Twitter) അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോഴും ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യുമ്പോഴും, പൂർവ്വാധികം ശക്തിയോടെയാണ് കോക്രോച്ച് ജനതാ പാർട്ടി തിരികെ വന്നത്.

​സോഷ്യൽ മീഡിയയിൽ സി.ജെ.പി പങ്കുവെച്ച ആ വാക്കുകൾ ഇന്നും അധികാരവർഗ്ഗത്തിന്റെ ഉറക്കം കെടുത്തുന്ന ഒന്നാണ്. ​”പാറ്റകൾ ഏറ്റവും നന്നായി ചെയ്യുന്ന കാര്യമെന്തെന്ന് നിങ്ങൾ മറന്നു; അത് എന്തിനെയും അതിജീവിക്കലാണ്.” ​വിറളിപൂണ്ട തലസ്ഥാനവും തലമുറമാറ്റത്തിന്റെ കാറ്റും
​നേതാവില്ലാത്ത, ആസ്ഥാനമില്ലാത്ത, എന്നാൽ ശക്തമായ ആശയമുള്ള ഒരു ഡിജിറ്റൽ സമരത്തെ നേരിടാനാകാതെ രാജ്യതലസ്ഥാനം ശരിക്കും വിറളിപൂണ്ടു. തല്ലിയും ലത്തിച്ചാർജ്ജ് നടത്തിയും അവഹേളിച്ചും അവരെ ഒതുക്കാൻ നോക്കിയെങ്കിലും, അപമാനിക്കപ്പെട്ട യുവതയുടെ മുന്നിൽ ഭരണകൂടത്തിന് തലകുനിക്കേണ്ടി വന്നു.

​രാജ്യം രൂപീകൃതമായ കാലം മുതൽ വളർന്നു വന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ഇന്ന് ലോകം ഈ ‘പാറ്റ പാർട്ടിയെ’ ചർച്ച ചെയ്യുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വമ്പൻ തലമുറമാറ്റത്തിന്റെ സമയമായോ എന്നാണ് ?
​അതെ, ചെറിയ ജീവി എന്ന് കരുതി ചവിട്ടിയരക്കാൻ നോക്കിയവർക്ക് തെറ്റി.

ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടാൽ, ഭരണകൂടങ്ങളുടെ എല്ലാ അതിരുകളെയും തകർത്ത് അതിജീവിക്കാനും അധികാര കേന്ദ്രങ്ങളെ മുട്ടുകുത്തിക്കാനും ഈ പുതിയ യുവതലമുറയ്ക്ക് സാധിക്കുമെന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ തെളിയിച്ചിരിക്കുന്നു!

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ