നെതന്യാഹുവിനെ ‘എവിടെ വച്ചും’ അറസ്റ്റ് ചെയ്യില്ല; സൊഹ്‌റാൻ മംദാനിക്ക് മറുപടിയുമായി ട്രംപ്

വാഷിങ്ടൻ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോർക്ക് സന്ദർശനത്തിന് എത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്നതിന്റെ നിയമവശങ്ങൾ ആലോചിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ വിഷയം ചൂടുപിടിച്ചത്. എന്നാൽ അമേരിക്കയിൽ എവിടെ വച്ചും ബെന്യാമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇന്ന് ട്രംപ് വ്യക്തമാക്കിയത്.

ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് സെപ്റ്റംബറിൽ ഇസ്രയേൽ പ്രധാനമന്ത്രി ന്യൂയോർക്കിൽ സന്ദർശനത്തിനു എത്തുന്നത്. ന്യൂയോർക്ക് സിറ്റി മേയറെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും അമേരിക്കയിൽ വച്ച് ബെന്യാമിൻ നെതന്യാഹുവിനെ ഒരു തരത്തിലും അറസ്റ്റ് ചെയ്യില്ലെന്നാണ് ട്രൂത്ത് സോഷ്യലിൽ അമേരിക്കൻ പ്രസിഡന്റ് കുറിച്ചത്.

കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസുമായി നടത്തിയ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് നെതന്യാഹു ന്യൂയോർക്ക് നഗരത്തിലെത്തിയാൽ നിയമപരമായി എന്ത് നടപടിയെടുക്കാനാകുമെന്ന് നിയമ വിദഗ്ധരുമായി സജീവമായി കൂടിയാലോചിക്കുകയാണ് താനെന്ന് മേയർ പറഞ്ഞത്. രാജ്യാന്തര ക്രിമിനൽ കോടതി കുറ്റം ചുമത്തിയ ഒരു യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു എന്ന വാദമുയർത്തിയാണ് മംദാനി വിമർശനം ഉയർത്തുന്നത്.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ