മൊബൈൽ ഫോൺ ഉപയോഗം തലച്ചോറിലെ ക്യാൻസറിന് കാരണമാകുന്നില്ലെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ പുതിയ പഠനം

ലണ്ടന്‍:മൊബൈൽ ഫോണുകളിൽ നിന്നും മറ്റ് വയർലെസ്സ് സംവിധാനങ്ങളിൽ നിന്നും പുറപ്പെടുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ തലച്ചോറിലോ തലയിലോ കഴുത്തിലോ അർബുദത്തിന് കാരണമാകുന്നില്ലെന്ന് രാജ്യാന്തര പഠനം വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ ഉപയോഗവും അർബുദവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ലോകാരോഗ്യ സംഘടന(WHO) മുൻകൈയെടുത്ത് നടത്തിയ വിവിധ പഠനങ്ങളുടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

റേഡിയോ തരംഗങ്ങൾ, വൈ-ഫൈ, സാറ്റലൈറ്റ് നാവിഗേഷൻ, മൊബൈൽ ഫോൺ നെറ്റ്‌വർക്കുകൾ എന്നിവയിലെല്ലാം കുറഞ്ഞ ഊർജ്ജമുള്ളതും നീളമേറിയ തരംഗദൈർഘ്യമുള്ളതുമായ പ്രകിരണങ്ങളാണ് ഉപയോഗിക്കുന്നത്. എക്സ്-റേ പോലെയുള്ള ഉയർന്ന ഊർജ്ജമുള്ള വികിരണങ്ങൾ ക്യാൻസറിന് കാരണമാകാറുണ്ടെന്നതിനാൽ മൊബൈൽ തരംഗങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന ആശങ്ക ദശകങ്ങളായി നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന 2019-ൽ 13 വിപുലമായ പഠനങ്ങൾക്ക് നിർദ്ദേശം നൽകിയത്.
കുറഞ്ഞ ഊർജ്ജമുള്ള വികിരണങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് ശീതയുദ്ധകാലത്തോളം പഴക്കമുണ്ട്. മൈക്രോവേവ് ഓവനുകളും ടെലിവിഷനുകളും വീടുകളിൽ വ്യാപകമായ കാലത്താണ് ഈ ഭീതി ശക്തമായത്. അക്കാലത്ത് മോസ്കോയിലെ യു.എസ് എംബസി ജീവനക്കാരെ ലക്ഷ്യമിട്ട് സോവിയറ്റ് യൂണിയൻ മൈക്രോവേവ് വികിരണങ്ങൾ പ്രയോഗിച്ചെന്ന സംശയവും, തുടർന്ന് അവിടുത്തെ അംബാസഡർക്ക് രക്താർബുദം ബാധിച്ചതും പൊതുജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ മൈക്രോവേവ് തരംഗങ്ങൾ വസ്തുക്കളെ ചൂടാക്കുമെന്നതൊഴിച്ചാൽ ഇവ മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ശാസ്ത്രീയ തെളിവുകളില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വികിരണ പരിധി നിശ്ചയിച്ചിട്ടുള്ളത്.

ലോകാരോഗ്യ സംഘടനയുടെ അവലോകന സമിതിയിലെ രണ്ട് ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾ ക്രോഡീകരിച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ മൊബൈൽ ഫോൺ ഉപയോഗവും ക്യാൻസറും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. 1994 മുതൽ 2022 വരെയുള്ള കാലയളവിൽ നടന്ന 63 അന്താരാഷ്ട്ര പഠനങ്ങൾ വിശകലനം ചെയ്തതിൽ നിന്നാണ് ഈ നിഗമനം. വ്യക്തികൾ എത്ര സമയം മൊബൈൽ ഉപയോഗിക്കുന്നു എന്നതോ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി ഉപയോഗിക്കുന്നു എന്നതോ ക്യാൻസർ സാധ്യത കൂട്ടുന്നില്ല. ഇതോടൊപ്പം ടെലിവിഷൻ, റേഡിയോ ട്രാൻസ്മിഷൻ ടവറുകളിൽ നിന്നുള്ള തരംഗങ്ങൾ കുട്ടികളിൽ രക്താർബുദത്തിന് കാരണമാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

തുടർച്ചയായ മൊബൈൽ ഉപയോഗം ക്യാൻസറിന് കാരണമാകുമെങ്കിൽ കഴിഞ്ഞ ദശകങ്ങളിൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ മൊബൈൽ ഫോണുകൾ വ്യാപകമാകുന്നതിന് മുൻപ് അതായത് 1980-കൾ മുതൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രേഖപ്പെടുത്തിയ തലച്ചോറിലെ ക്യാൻസർ നിരക്കുകൾ ഇപ്പോഴും വ്യത്യാസമില്ലാതെ തുടരുകയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭാവിയിലെ സാങ്കേതികവിദ്യകൾക്ക് അനുസൃതമായി സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കുന്നതിന് ഈ പഠനങ്ങൾ സഹായിക്കും.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ