–സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ)
കോഴിക്കോട്: ആറു റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന മലബാർ മേഖലയിൽ 20 പുതിയ മിഷൻ സ്റ്റേഷനുകളിലായി 100 പ്രവർത്തനങ്ങൾ ആരംഭിക്കാനും സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കാനും ഐപിസി മലബാർ മേഖല തീരുമാനിച്ചു.
പുതിയ മിഷൻ സ്റ്റേഷനുകളുടെ അംഗീകാരത്തിനായി ഐപിസി കേരള സ്റ്റേറ്റിന് റിപ്പോർട്ട് സമർപ്പിക്കാനും, ശുപാർശ ചെയ്യാനും തീരുമാനിച്ചു. കോഴിക്കോട് ഫിലാഡൽഫിയ ഹാളിൽ നടന്ന പ്രഥമ കമ്മിറ്റിയിൽ പ്രസിഡന്റ് പാസ്റ്റർ ബാബു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ഫിജി ഫിലിപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.
ബന്തടുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുപുഴ, ചെമ്പേരി, ആലക്കോട് (കരുവഞ്ചാൽ), പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്, അമ്പലവയൽ, സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ, മുക്കം, കൊയിലാണ്ടി, വടകര, വണ്ടൂർ, മേലാറ്റൂർ, കോട്ടക്കൽ, ഷൊർണൂർ കേന്ദ്രീകരിച്ച് വള്ളുവനാട്, കോങ്ങാട് എന്നീ സ്ഥലങ്ങളാണ് പുതിയ മിഷൻ സ്റ്റേഷനുകൾ ആരംഭിക്കാൻ മേഖല സമിതി സ്റ്റേറ്റിനോട് ശുപാർശ ചെയ്യുക. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 7 അംഗ സമിതിയെയും തിരഞ്ഞെടുത്തു. പാസ്റ്റർ ഫിജി ഫിലിപ്പ്, പാസ്റ്റർ ചാക്കോ ദേവസ്യ, സജി മത്തായി കാതേട്ട്, ജോർജ് തോമസ്, സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർ പി.ഡി. രമേഷ്, ഇവാ. ബിനോയ് പൂന്തോട്ടം എന്നിവരെ സമിതിയിൽ പ്രവർത്തിക്കും.
ഓരോ മിഷൻ സ്റ്റേഷനുകളിലും മലബാറിലുള്ള സന്നദ്ധരായ സുവിശേകരെ നിയമിക്കാനായും ഐപിസി കേരള സ്റ്റേറ്റ് കൗൺസിലിനോട് ശുപാർശ ചെയ്യും. ഐപിസി സ്റ്റേറ്റിൻ്റെ ഡിപ്പാർട്ടുമെൻ്റുകളായ ചർച്ച് പ്ലാൻ്റിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെയും മലബാർ മിഷൻ ബോർഡിൻ്റെയും സഹായത്തോടെ അതാതു സമയത്ത് ട്രെയിനിംഗുകളും മറ്റും നൽകും. സാദ്ധ്യമായിടത്തെല്ലാം പുതിയ മിഷൻ സ്റ്റേഷനുകൾ തുടങ്ങണമെന്നാണ് മലബാർ മേഖല ചിന്തിക്കുന്നതെന്നും പ്രസിഡൻ്റ പാസ്റ്റർ ബാബു എബ്രഹാം പറഞ്ഞു.
മേഖല വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ ജെയിംസ് വർഗീസ്, പാസ്റ്റർ ചാക്കോ ദേവസ്യ, പാസ്റ്റർ എം.കെ. ജോയ്, ജോയിന്റ് സെക്രെട്ടറിമാരായ പാസ്റ്റർ പി.ഡി. രമേശ്, പാസ്റ്റർ ബേബി കുര്യാക്കോസ്, പി.വി. മാത്യു, ഏബ്രഹാം വടക്കേത്ത്, ട്രഷറർ ജോർജ് തോമസ്, പ്രോഗ്രാം കോഓർഡിനേറ്റർ സജി മത്തായി കാതേട്ട് എന്നിവർ വിവിധ ചർച്ചകൾ നയിച്ചു. വിവിധ ജില്ലകളിൽ നിന്നുമുള്ള പ്രൊമോഷണൽ സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.




