ജാമ്യത്തില്‍ ഇറങ്ങി കൂട്ടക്കൊല; ഭാര്യയെയും മക്കളെയും പരാതിക്കാരെയും അടക്കം 6 പേരെ കൊലപ്പെടുത്തി പോക്സോ കേസ് പ്രതി

ഹൈദരാബാദ്: സ്വന്തം ഭാര്യയെയും മക്കളെയും പരാതിക്കാരെയും അടക്കം ആറു പേരെ കൊലപ്പെടുത്തി പോക്സോ കേസിലെ പ്രതി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം.

പി. രാജ്‌കുമാർ (35) എന്നയാളാണ് കൃത്യം നടത്തിയത്. മേയില്‍ 17കാരിയെ ശല്യപ്പെടുത്താൻ ശ്രമിച്ചതിനു പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ഇയാളെ പോക്സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

വെള്ളിയാഴ്ച രാത്രി വീട്ടില്‍ എത്തിയ ഇയാള്‍ ഭാര്യ പാർവതി സരിത (30), നാല്, ഒന്ന് എന്നിങ്ങനെ വയസുള്ള രണ്ടു ആണ്‍മക്കള്‍ എന്നിവരെ അരിവാള്‍ ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി പെണ്‍കുട്ടിയെയും 45 വയസുള്ള അമ്മയെയും 65 വയസുള്ള മുത്തശിയെയും കൊലപ്പെടുത്തി. സംഭവസമയം പെണ്‍കുട്ടിയുടെ സഹോദരിയായ ശാരീരികവൈകല്യമുള്ള 20 വയസുകാരി വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പ്രതി അവരെ ആക്രമിച്ചില്ല. കൃത്യം നടത്തിയ ശേഷം പ്രതി സ്വന്തം അച്ഛനെ വിളിച്ച്‌ കൊലപാതക വിവരം അറിയിച്ചശേഷം കടന്നുകളയുകയായിരുന്നു.

വിവരമറിഞ്ഞ പൊലീസ് ഇയാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ കേസ് നല്‍കിയതിലുള്ള വൈരാഗ്യം കാരണമാകാം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും എന്നാല്‍ സ്വന്തം കുടുംബത്തെ കൊല്ലാനുള്ള പ്രേരണ എന്താണെന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്‍റെ പൂർണചിത്രം ലഭ്യമാകൂവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും