ചാലോട് (കണ്ണൂർ): സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ-മട്ടന്നൂർ അന്തസ്സംസ്ഥാനപാതയിൽ വെള്ളിയാഴ്ച രാത്രി 11:10-ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
മരിച്ചതിൽ രണ്ട് പേർ മലയാളികളും രണ്ട് പേർ ഉത്തർപ്രദേശ് സ്വേദശികളുമാണെന്നാണ്ആദ്യ വിവരം. യുപി സ്വദേശികളായ പരം ഛേത്രി, ഹർഷ്, മലയാളികളായ റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട കാറിൽനിന്ന് ലഭിച്ച പേഴ്‌സും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരിൽ ഒരാൾ അലവിൽ സ്വദേശി സിറാജിന്റെ മകൻ ഷാൻ (22) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഷാന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ കാറിന് തീപ്പിടിച്ചെങ്കിലും ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് കെടുത്തി. ഏറെ പണിപ്പെട്ടാണ് അഗ്‌നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. മൂന്നുപേരുടെ മൃതദേഹം ചാല ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
സംഭവമറിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി മട്ടന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.




