ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മുളപാഡു സ്വദേശിയായ പ്രസന്ന അട്ടല്ലൂരി (25) ആണ് കൊല്ലപ്പെട്ടത്.
അമിത വേഗതയിൽ എത്തിയ വാഹനം പ്രസന്ന അടക്കം മൂന്നുപേർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പേസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽനിന്ന് അടുത്തിടെ ആണ് പ്രസന്ന ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് ജോലി അന്വേഷിച്ചു വരുന്നതിനിടെയാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
ഈ മാസം അഞ്ചാം തീയതിയാണ് അപകടം ഉണ്ടായത്. പ്രസന്ന അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടതിനിടെ അമിത വേഗതയിൽ എത്തിയ വാഹനം ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായതെന്നും പ്രസന്ന അടക്കം രണ്ടുപേർ തൽക്ഷണം മരിച്ചതായും രണ്ടുപേർക്ക് പരിക്കുപറ്റിയതായും യുവതിയുടെ കുടുംബം അറിയിച്ചു.
യുവതിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനായി കുടുംബം ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. ബന്ധുവായ രവികുമാർ അട്ടല്ലൂരി മുഖേന ആണ് കുടുംബം ധനസമാഹരണം ആരംഭിച്ചത്. പ്രസന്ന കുടുംബത്തിന്റെ വലിയൊരു തണലായിരുന്നുവെന്ന് രവികുമാർ പറഞ്ഞു. എല്ലാവരും ആശ്രയിച്ചിരുന്നത് അവളെയായിരുന്നു. സ്വന്തം വിദ്യാഭ്യാസ വായ്പകൾ കൈകാര്യം ചെയ്യുമ്പോഴും മറ്റുള്ളവരെ സഹായിക്കാൻ അവൾ ഒരിക്കലും മടിച്ചില്ലെന്നും രവികുമാർ കൂട്ടിച്ചേർത്തു.




