‘യൂട്യൂബ് നോക്കി’ വീട്ടില്‍ പ്രസവം; രക്തസ്രാവം കടുത്തതോടെ തമിഴ്‌നാട്ടില്‍ യുവതി മരിച്ചു

തിരുപ്പൂർ: ആശുപത്രിയിലെ പ്രസവവും ചികിത്സയും ഒഴിവാക്കി വീട്ടില്‍ ‘പ്രകൃതിദത്ത’ രീതിയില്‍ പ്രസവിക്കാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു.

തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിനിയായ ശശികലയാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭർത്താവ് കൊളന്തൈസാമിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. വീട്ടില്‍ പ്രസവിക്കാൻ കുടുംബം യൂട്യൂബ് ദൃശ്യങ്ങളെയാണ് ആശ്രയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആദ്യ പ്രസവം സിസേറിയൻ ആയിരുന്നതിനെ തുടർന്ന് ശശികലയ്ക്ക് അലോപ്പതി ചികിത്സയോട് കടുത്ത വിമുഖത തോന്നിയിരുന്നു. രണ്ടാമത്തെ പ്രസവത്തില്‍ സിസേറിയൻ ഒഴിവാക്കാനും പ്രകൃതിദത്തമായ രീതിയില്‍ കുഞ്ഞിന് ജന്മം നല്‍കാനുമായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിനായി സർക്കാർ ആരോഗ്യ പ്രവർത്തകരുടെ നിരന്തരമായ നിർദേശങ്ങളും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും ഇവർ പൂർണമായി ഒഴിവാക്കുകയായിരുന്നു.

വീട്ടില്‍ വെച്ച്‌ ശശികല ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും, പ്രസവത്തിന് ശേഷം പ്ലാസന്റ പുറത്തെടുക്കാനാകാതെ വരികയും കടുത്ത രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. നില വഷളായതോടെ യുവതിയെ ആദ്യം പെരുന്തുറൈയിലെ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് നിലവില്‍ സുരക്ഷിതമായിരിക്കുന്നു.

കുടുംബത്തിന്റെ ഭാഗത്തുനിന്ന് പരാതികളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ ഭർത്താവിനെതിരെ നരഹത്യയ്ക്കും നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ആക്‌ട് പ്രകാരവും കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

*ഐ. പി. സി പിളരുമോ ?*