പിതാക്കന്മാരോടുള്ള ബഹുമാനമെവിടെ?

പാസ്റ്റർ ബാബു തോമസ്
ന്യൂയോർക്ക് 


പിതാക്കന്മാരെ അഥവാ അപ്പന്മാരെ കുറിച്ച് വളരെ അഭിമാനത്തോട് (ചിലർ വല്യപ്പന്മാരെക്കുറിച്ചു) സംസാരിക്കാറുണ്ട്. എന്നാൽ അവരുടെ യാതൊരു ഗുണഗണങ്ങളും പിന്തുടരണമെന്നില്ല. ഇത് തന്നെയാണ് ഇസ്രായേൽ ജനത്തിനും ഒരുകാലത്തു സംഭവിച്ചത്. അബ്രഹാം  പിതാവിന്റെ  പേര് പറയുമ്പോൾ വലിയ ആവേശവും, വിശ്വാസപരമായി  ഗുണനിലവാരമില്ലായ്മയും അന്നെന്നപോലെ ഇന്നും സർവസാധാരണം.

അബ്രഹാം ഒരുകാലത്തു കുഴിച്ച കിണറുകൾ ഫെലിസ്ത്യർ മണ്ണിട്ടുമൂടിയപ്പോൾ, ഇസഹാക് വീണ്ടും കുഴിച്ചു പഴയ പേരുകൾ തന്നെ  ഇട്ടതായ കാര്യം ബൈബിൾ രേഖപ്പെടുത്തുന്നുണ്ട്. അപ്പൻമാരിട്ട അതിരു (ഉപദേശത്തിന്റെയും/ ധാർമിക നിലവാരത്തിന്റെയും ) മാറ്റാതെ നിലനിർത്തുമ്പോളാണ് അപ്പന്മാരെക്കുറിച്ചു അഭിമാനിക്കുവാൻ കഴിയുന്നത് എന്നകാര്യം വിസ്മരിക്കരുത്. 

ജീവിത വിശുദ്ധിയും, ഉപദേശ വിശുദ്ധിയും കാത്തു സൂക്ഷിക്കപ്പെടണമെന്നുള്ള ആശയത്തിലും, കുടുംബ ഭദ്രത നിലനിർത്തണമെന്ന ദർശനത്തിലും നമ്മുടെ പിതാക്കന്മാർക്കു ലഭിച്ച ആത്മീയ വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളി പെന്തക്കോസ്തു കൂട്ടായ്മകൾ വിശേഴിച്ചു, പിസിനാക്, ഫാമിലി കോൺഫ്രൻസുകൾ, യുവജന പ്രസ്ഥാനങ്ങൾ തുടങ്ങിയവ ആരംഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. ആദ്യ കാലങ്ങളിൽ അപ്പോസ്തോലന്മാർ ചെയ്തത് പോലെ തന്നെ മലയാളികളുടെ കൂടിവരവുകൾ തുടങ്ങുവാൻ ഏതു ദേശത്തും ദൈവ ഭക്തന്മാർക്ക് ദൈവ നിയോഗം ലഭിച്ചു എന്ന് വേണം കരുതുവാൻ. മലയാളികളുടെ കൂടിവരവുകൾ വിട്ടുപിരിഞ്ഞു താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി മറ്റു ദേശക്കാരുടെ കൂട്ടായ്മകളിൽ പോയവരെയും അവരുടെ തലമുറകൾക്കെന്തു ഭവിച്ചുവെന്നും ചിന്തിക്കുന്നത് വളരെ നല്ലതാണു.

ഏതു സംസ്കാരത്തിനും ഭാഷ, വസ്ത്രധാരണം, ഭക്ഷണം എന്നതുപോലെ ജീവിത നിലവാരങ്ങളിൽ വ്യത്യാസമുണ്ടെയെന്നു  വിവിധ സംസ്കാരങ്ങളെയും , അതിന്റെ മൂല്യങ്ങളെയും കുറിച്ച് ഒരു പഠനം നടത്തിയാൽ മനസ്സിലാകും. ചില വർഗങ്ങളിൽ ധാർമിക മൂല്യങ്ങൾക്ക് ഒരു വിലയുമില്ല, ബന്ധങ്ങൾക്ക്‌ സ്ഥാനവുമില്ല, അങ്ങിനെയുള്ളിടത്തു കുടുംബ ഭദ്രതക്കൊന്നും പ്രസക്തിയില്ല. എന്നതാണ് സത്യം. എന്നാൽ, ദൈവത്തിന്റെ പരിശുധാൽമാവിനാൽ ഉടലെടുത്ത വിശുദ്ധ സഭയ്ക്ക് ഒരു നിലപാടുണ്ട്, മാനദണ്ഡമുണ്ട്. ഒരു കുത്തഴിഞ്ഞ പുസ്തകകമല്ല ദൈവസഭ. ചട്ടങ്ങളുള്ള, ചട്ടക്കൂടിനകത്തു നിൽക്കുവാൻ പ്രേരണ നൽകുന്ന ആലോചനകളാണ് വിശുദ്ധ ബൈബിളിന്റെ ആലോചനകളെന്നു മനസ്സിലാക്കിയ പിതാക്കന്മാരാണ് നമ്മുടെ പിതാക്കൻമാർ.

ബന്ധങ്ങൾ ഉളവാകുന്നതും, നിലനിൽക്കുന്നതും എല്ലാം യഥാർത്ഥത്തിൽ പഠിക്കുന്നത് കുടുംബങ്ങളിൽ നിന്നുമാണ്. മാതാപിതാക്കളും  മക്കളും തമ്മിൽ നല്ല ബന്ധമുണ്ടെങ്കിൽ മാതാപിതാക്കളുടെ വിശ്വാസവും ആരാധനാരീതിയും മക്കൾ പിന്തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ട. നമുക്ക് ലഭിച്ചിരിക്കുന്നതു വിലയേറിയ വിശ്വാസം ആണെന്നും, ആദ്യ വിശ്വാസം അന്ധ്യത്തോളം മുറുകെ പിടിച്ചുകൊള്ളണമെന്നുമാണ് തിരുവചനം പറയുന്നത്. ഇത് പിതാക്കന്മാര് മനസ്സിലാക്കുകയും  ജീവിതത്തിലും, ഉപദേശത്തിലും സൂക്ഷിക്കപ്പെടണമെന്നും  തലമുറയ്ക്ക് പകർന്നു നൽകണമെന്നും ആഗ്രഹിച്ചതുപോലെ എക്കാലവും നൽകുവാൻ ഏവരും എന്നും ഉൽസാഖിക്കേണ്ടതാണ്. യഥാർത്ഥമായി പഴയ തലമുറയും പുതിയ തലമുറയും തമ്മിൽ ഒരു ദൃഢ ബന്ധമുണ്ടാകണമെങ്കിൽ, പഴയ തലമുറ പുതിയ തലമുറയുടെ നന്മയെ ലക്ഷ്യമാക്കിയാണ് നിലനിൽക്കുന്നതെന്ന് ബോധ്യം   ഉളവാക്കും വിധത്തിൽ പ്രോത്സാഹനം നൽകുകയും, എല്ലാത്തിലുപരി ആഴമേറിയ  ക്രിസ്തു  ദർശനം പകർന്നു നൽകുകയും വേണം. 

ഭാഷയുടെ പേരിൽ മാതാപിതാക്കളെയും മക്കളെയും തമ്മിൽ വെട്ടിമുറിക്കുവാൻ പാടുള്ളതല്ല.  പാച്ചാത്യവത്കരണം സഭയിൽ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണം. അടിസ്ഥാനമില്ലാത്ത അനുകരണം ആപത്താണ്. ഇന്നത്തെ യഥാർത്ഥ പ്രശ്നമെന്നത് പാശ്ചാത്യ  പൗരസ്ത്യ സംസ്കാരങ്ങളുടെ(ആചാരാനുഷ്ടാനങ്ങളുടെ)  ആശയങ്ങളുടെ സംഘർഷമാണ്.ഒന്ന് സ്വയാശ്രയത്തിലും മറ്റേതു പരാശ്രയത്തിലുമാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതു. അപ്പോസ്റ്റോലികമല്ലാത്തതും, അനുകരണീയമല്ലാത്തതും, ആദർശമില്ലാത്തതുമായ കാര്യങ്ങളെ പിന്തള്ളുവാൻ ശുശൂഷകന്മാർ ധൈര്യം കാട്ടുകയും, യുവ തലമുറയെ പഠിപ്പിക്കേണ്ടതുമാകുന്നു.  “എല്ലാത്തിന്റെയും സാരം മനസ്സിലാക്കി നല്ലതിനോട് ചേർന്ന് നിൽക്കുവാൻ” ഉൾപ്രേരണ നൽകുന്ന ആശയങ്ങൾ പുതിയ തലമുറയ്ക്ക് നൽകണം.   

മോശയുടെ കാലശേഷമാണ് യോശുവ  ദൈവ നിയോഗപ്രകാരം  നേതൃത്വത്തിലെത്തിയത്  എന്ന കാര്യം വളരെ ശ്രദ്ധേയമാണ്. വിശ്വസ്തനായി, മോശയുടെ കൈകീഴിൽ താൻ (ശുശ്രുഷ അഭ്യസിച്ചുപോന്നു  എന്നതിലാണ് ദൈവം മോശയോട് യോശുവയെ ശുശ്രുഷക്കായി നിയോഗിക്കുവാൻ ആവശ്യപ്പെട്ടത് എന്നത് സ്പഷ്ടമാണ്. പൗലോസ് തീമോത്തിയ്‌സിനേയും, തീത്തോസിനെയും മറ്റും പ്രോത്സാഹിപ്പിക്കുകയും, ദൈവ സഭകളിൽ ചുമതലകൾ ഏല്പിക്കുകയും ചെയ്തുവെങ്കിൽ, നമ്മുടെ കർത്താവുതന്നെ തന്നോടുകൂടെ ഇരിക്കുവാവും, ശുശ്രുഷക്കായി അയക്കുവാനും തിരഞ്ഞെടുത്തെങ്കിൽ, നാമും അങ്ങിനെ ചെയ്യേണ്ടതാണ്.  പുതിയ തലമുറയിലുള്ള വിളിയുള്ളവരെ അടുത്ത തലമുറയ്ക്കായി ഒരുക്കുവാനും, പരിശീലനം നൽകുവാനും ഇന്നത്തെ ആത്‌മീയ നേതൃതവും, ശുശ്രുഷകന്മാരും ശ്രദ്ധിക്കണം എന്നതല്ലേ  തിരുവചനം വെളിപ്പെടുത്തുന്ന സത്യം?

 എന്നാൽ, ഇന്ന് പലരും മറിച്ചാണ് പലതും കാട്ടിക്കൂട്ടുന്നത് എന്നത്  ദുഃഖകരമാണ്. അപ്പന്മാരുടെ പേരുപറഞ്ഞും, ബന്ധുബലത്താലും, അധികാരം കയ്യാളാൻ പലരും ശ്രമിക്കുമ്പോൾ, ദൈവ നിയോഗമുള്ളവരും, വിളിയും തിരഞ്ഞെടുപ്പുമുള്ളവരും നേതൃത്വത്തിൽ എത്തേണ്ടത് ആവശ്യമായിരിക്കുകയാൽ ഉപദേശ ശുദ്ധിയുള്ളവരും, ജീവിത വിശുദ്ധിയുള്ളവരുമാണോ ഇവർ  എന്ന് പരിശോധിക്കുവാൻ ദൈവ സഭകൾ തയ്യാറാകണം. പണത്തിന്റെ സ്വാധീനം കൊണ്ട് പലതും ചെയ്തു കൂട്ടാൻ വ്യഗ്രതകാട്ടുന്നവർ ഇക്കാലങ്ങളില് വർധിച്ചു വരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഇത് വളരെ അപകടകരമായ കാര്യമാണ്. ശരിയായ ദൈവവചന പഠനമോ, സമർപ്പണമോ ഇങ്ങിനെയുള്ളവർക്കു ഉണ്ടാകണമെന്നില്ല. പെട്ടെന്ന് പേരിനും  പ്രശസ്തിക്കും വേണ്ടി പലതും കാട്ടിക്കൂട്ടിയ പലരുടെയും തകർച്ചകൾ കണ്ടറിഞ്ഞ ഒരു തലമുറയാണ് ഇന്നുള്ളത്.  

കർത്താവു വിളിച്ചവർക്കല്ലേ കർത്താവിനു വേണ്ടി ശുശ്രുഷ ചെയ്യുവാൻ കഴിയുകയുള്ളൂ? അല്ലാത്തവർ മനുഷ്യർക്കുവേണ്ടി ശുശ്രുഷ ചെയ്യുന്നവരായി തീരുമ്പോൾ ഉപദേശ വിശുദ്ധിക്കും, ജീവിത വിശുദ്ധിക്കും ഒന്നും ഒരു പ്രാധന്യവും കല്പിക്കുവാൻ സാധ്യതയില്ല. യഥാർത്ഥ സഭാ വളർച്ചയെന്നുപറയുന്നതു  ആത്മീയ നിലവാരമുള്ള, ആത്മമനുഷ്യരെക്കൊണ്ട് (ന്യൂമാറ്റിക്കോസ്) ദൈവസഭകൾ നിറയുന്നതാണ്. ഇതിനു ആഴമായ ദൈവ വചന പഠനവും, ദീർക്ക ദൃഷ്ടിയും ആവശ്യമാണ്. എന്നുപറഞ്ഞാൽ ദൈവമക്കളെ, കണ്ടാലറിയണം (ഐഡന്റിറ്റി), സൽസ്വഭാവികളായിരിക്കണം (ഇന്റെഗ്രിറ്റി), മറ്റുള്ളവരിലേക്ക് ആകര്ഷിക്കപെടാതെ, മറ്റുള്ളവർ നമ്മിലേക്ക്‌ ആകര്ഷിക്കപ്പെടണം (ഇൻസ്പിറേഷൻ) എന്ന് സാരം. ദൈവസഭകൾക്കു ശുശ്രുഷകന്മാരെ നൽകിയിരിക്കുന്നത് ജാതികളുടെ നടപ്പുപോലെ നടത്താനല്ല മറിച്ചു ആത്മീയനിലവാരമുള്ളവരായി വാർത്തെടുക്കുവാനാണ് എന്ന കാര്യം മറക്കരുത്. കാലം മാറുന്നതിനനുസരിച്ചു മാറുന്നതോ, മാറ്റുവാനുള്ളതോ അല്ല ഉപദേശങ്ങൾ. “ക്രിസ്ത്യാനിറ്റി ഈസ് നോട് എ റിലീജിയൻ ബട്ട് റിലേഷന്ഷിപ്” എന്ന് നാം കേൾക്കാറുണ്ട്.

നിരവധി വര്ഷങ്ങളിലെ നിരന്തരമായ വേദപരിശീലനത്തിൽ നിന്നും എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു കാര്യം ഞാൻ പ്രസ്താവിക്കാം, നമ്മുടെ പിതാക്കന്മാര് പഠിപ്പിച്ച വിശുദ്ധിയുടെയും , വേർപാടിന്റെയും, ഉപദേശം തികച്ചുംസത്യമാണെന്നുമാത്രമല്ല, വിലകൊടുക്കുന്നവർക്കേ വിശ്വാസ ജീവിതത്തിന്റെ ഉടമകളാകാനാകു എന്നുള്ള സത്യമാണ്. മാതൃകാപരമായ  ജീവിതം നയിചിട്ടുള്ളവരേയും , ഒരു തത്വത്തിനുവേണ്ടി നിലകൊണ്ടിട്ടുള്ളവരെയും കാലം എന്നും ഓർക്കാറുണ്ട്.  പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള  ദൃഢബന്ധമാണ് നല്ലപിതാക്കന്മാര് ആഗ്രഹിക്കുന്നത് എന്നതിനാൽ അവരുടെ നല്ല ആശയങ്ങളെ ഹനിക്കുന്ന ഒരു തലമുറയുടലെടുക്കുവാൻ പ്രേരണനല്കുന്നവരെ നിരുത്സാഹപ്പെടുത്തുവാൻ വിശ്വാസ സമൂഹം തയ്യാറാകുകയും, ധര്മികനിലവാരവും, വിശ്വാസ തീഷ്ണതയും ഉളവാക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുവാൻ ഇടയാകും വിധത്തിൽ പുത്തൻ തലമുറയ്ക്ക് ആലോചനകളും, അവസരങ്ങളും ഒരുക്കുകയും പിതാക്കന്മാരുടെ ദര്ശനം നഷ്ടപെടാത് സൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് പിതാക്കന്മാരോടുള്ള ബഹുമാനം പ്രവർത്തിപഥത്തിൽ  വരുന്നത്. ഏർണി ലാർസൺ എന്ന ക്രിസ്തീയ തത്വ ചിന്തകന്റെ അഭിപ്രായത്തിൽ, നാം ജീവിക്കുന്ന സാഹചര്യങ്ങളിൽനിന്നും നാം പലതും പഠിക്കുന്നു, പഠിക്കുന്നത് പ്രവർത്തിക്കുന്നു, പ്രവർത്തിക്കുന്നതിന്റെ പരിണിതഫലങ്ങൾ ആനുഭവിക്കേണ്ടിവരുന്നു” എന്നുള്ളതാണ്. ഏതു കാര്യവും വിലയിരുത്തേണ്ടത് റിസൾട്ട് നോക്കിയാണല്ലോ? 

*ഐ. പി. സി പിളരുമോ ?*