ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ സിറ്റിക് ടവറിലേക്ക് (ചൈന സുൻ) ഒരു ചെറുവിമാനം ഇടിച്ചു കയറി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സണ്‍വാർഡ് എസ്.എ 60എല്‍ അറോറ (Sunward SA 60L Aurora) എന്ന ലഘു വിമാനമാണ് അപകടത്തില്‍പ്പെട്ടത് (Beijing CITIC Tower Plane Crash). ബെയ്ജിംഗിലെ ഷിഫോസി വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം നിശ്ചയിച്ച പാതയില്‍ നിന്ന് വ്യതിചലിച്ച് കെട്ടിടത്തിലേക്ക് ഇടിക്കുകയായിരുന്നു. 109 നിലകളുള്ള ഈ കെട്ടിടത്തിന്റെ മധ്യഭാഗത്താണ് വിമാനം ഇടിച്ചതെന്നാണ് റിപ്പോർട്ടുകള്‍.
അപകടത്തെത്തുടർന്ന് കെട്ടിടത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചത് പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ ചില്ലുകള്‍ തകരുകയും വിമാനത്തിന്റെ പിൻഭാഗം നിലത്തു വീഴുകയും ചെയ്തു. സംഭവസ്ഥലത്ത് വലിയ പോലീസ് സന്നാഹവും അഗ്നിശമന സേനയും ആംബുലൻസുകളും എത്തി കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. അപകടത്തില്‍ ആർക്കെങ്കിലും പരിക്കേറ്റതായോ മരണം സംഭവിച്ചതായോ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ചൈനീസ് അധികൃതർ സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. കൂടാതെ, ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും നീക്കം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. കർശനമായ വ്യോമനിയന്ത്രണങ്ങളുള്ള ബെയ്ജിംഗില്‍ ഇത്തരമൊരു സംഭവം നടന്നത് സുരക്ഷാ ഏജൻസികളെയും അമ്പരപ്പിച്ചിരിക്കുകയാണ്.




