ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതും, ഇന്ധന വില കുറഞ്ഞതും കണക്കിലെടുത്താണ് താൽക്കാലികമായി റദ്ദാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഒരു ഭാഗം പുനഃസ്ഥാപിക്കാൻ എയർ ഇന്ത്യ ആലോചിക്കുന്നത്. വിമാന ഇന്ധനത്തിൻ്റെ ഉയർന്ന വിലയും വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ മാസം കമ്പനി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു.
നിലവിലെ സ്ഥിതിഗതികൾ പൂർണമായും അനുകൂലമായാൽ റദ്ദാക്കിയ മുഴുവൻ സർവീസുകളും പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു. മെയ് മാസത്തിൽ സുരക്ഷാ കാരണങ്ങളാൽ എയർ ഇന്ത്യ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകളിൽ 27 ശതമാനത്തോളം കുറവ് വരുത്തിയിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചതോടെ, ബാരലിന് 100 ഡോളറിൽ കൂടുതലായിരുന്ന ക്രൂഡ് ഓയിൽ വില ഏകദേശം 70 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇത് വിമാന കമ്പനികൾക്ക് ആശ്വാസമായിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഡൽഹി-മെൽബൺ, ഡൽഹി-സിഡ്‌നി വിമാന സർവീസുകൾ ആഴ്ചയിൽ ഏഴ് സർവീസുകളിൽ നിന്ന് നാലായി കുറച്ചിരുന്നു.




