ലാ ഗ്വെയ്‌റ (വെനസ്വേല)∙ വെനസ്വേലയെ പിടിച്ചുകുലുക്കിയ ശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 235 ആയി. 4,300ൽ അധികം പേർക്കു പരുക്കേറ്റതായി ആരോഗ്യ മന്ത്രി കാർലോസ് അൽവാരാഡോ അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ രാപകൽ തിരച്ചിൽ തുടരുകയാണ്. ആയിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനാകാത്തതിനാൽ മരണസംഖ്യ ഉയരുമെന്ന ആശങ്ക ശക്തമാണ്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങൾ തുടർച്ചയായി ഉണ്ടായത്.
വെനസ്വേലയിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്.
ഭൂചലനത്തിന്റെ ആഘാതം ബ്രസീലിലെ ആമസോൺ മേഖലയിലേക്കും അനുഭവപ്പെട്ടതോടെ നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു.
തലസ്ഥാനമായ കരകാസിന് വടക്കുള്ള ലാ ഗ്വെയ്‌റ തീരപ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. രാജ്യത്തെ പ്രധാന രാജ്യാന്തര വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ദഗതിയിലായി.
കരകാസിന് പുറത്തുള്ള മേഖലകളിൽ സർക്കാർ രക്ഷാസംഘങ്ങൾ ആവശ്യത്തിന് എത്തിയിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി. ‘‘സർക്കാർ വാഗ്ദാനം ചെയ്ത യന്ത്രങ്ങൾ എവിടെ? അയൽക്കാരാണ് അവശിഷ്ടങ്ങൾക്കിടയിൽ കുഴിക്കുന്നത്’’ – കാണാതായ എട്ടുവയസ്സുകാരനായ മകനെ തേടുന്ന ദയാന ഡെൽഗാഡോ പറഞ്ഞു.
അതേസമയം, സിമന്റ് സ്ലാബിനടിയിൽ കുടുങ്ങിയ സ്ത്രീയെ ജീവനോടെ രക്ഷപ്പെടുത്തിയതടക്കമുള്ള ദൃശ്യങ്ങൾ വെനസ്വേലൻ ടെലിവിഷൻ പുറത്തുവിട്ടു. കുട്ടികളടക്കം നിരവധി പേരെ പരുക്കുകളോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തി.




