ഹോർമുസിൽ വീണ്ടും കപ്പലിനുനേരെ ആക്രമണം; പുതിയ കപ്പൽപ്പാത സുരക്ഷിതമല്ലെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിനുനേരെ ആക്രമണം. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റ‍ഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. അതേസമയം, കപ്പൽ ജീവനക്കാർക്ക് പരുക്കില്ല. ഇറാനും യുഎസും ഇടക്കാല സമാധാനക്കരാറിൽ ഒപ്പുവച്ചതിനുശേഷം ആദ്യമായാണ് ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെ ആക്രമണമുണ്ടാകുന്നത്. സമാധാനക്കരാർ നിലവിൽ വന്നതിനുശേഷം ഹോർമുസ് മാർഗമുള്ള കപ്പൽ ഗതാഗതം വർധിച്ചിരുന്നു.

ഹോർമുസ് കടലിടുക്കു വഴിയുള്ള സുരക്ഷിതയാത്രയ്ക്കായി ഒമാൻ പ്രഖ്യാപിച്ച പുതിയ കപ്പൽപാത അംഗീകരിക്കില്ലെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് സേന (ഐആർജിസി) അറിയിച്ചിരുന്നു. ഇറാനുമായി കൂടിയാലോചിക്കാതെയുള്ള നടപടിയാണിതെന്നും ഐആർജിസി ആരോപിച്ചു. നിർദേശങ്ങൾ അനുസരിക്കാത്ത കപ്പലുകൾക്കെതിരെ നടപടിയുണ്ടാകും. ഹോർമുസിൽ ഇറാൻ നിശ്ചയിച്ച പാതയല്ലാതെ, പുതിയ പാത വഴിയുള്ള യാത്ര അപകടകരമായിരിക്കുമെന്നും സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലെന്നും ഇറാൻ സേന മുന്നറിയിപ്പു നൽകി.

ഇറാന്റെ നിയന്ത്രണപരിധിക്കു പുറത്തുള്ള പുതിയ കപ്പൽപാത വഴി ലൈബീരിയയുടെ എണ്ണക്കപ്പൽ ഹോർമുസ് കടന്നതിനു പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്. ഒമാന്റെ ഓരം ചേർന്നുള്ള പാത വഴിയാണ് ഈ കപ്പൽ വ്യാഴാഴ്ച കടന്നുപോയത്. ഹോർമുസ് കടക്കാൻ ഫീസോ ടോളോ ഈടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബഹ്റൈനിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇറാന്റെ ആസ്തി മരവിപ്പിച്ചതു പിൻവലിക്കുന്നതോടെ ആ പണം യുഎസിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ വാങ്ങാനാകും ചെലവഴിക്കുകയെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞത് ഇറാൻ തള്ളി. പണം എങ്ങനെ ചെലവഴിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്നാണ് ചർച്ചകൾക്കു നേതൃത്വം നൽകുന്ന മുഹമ്മദ് ഖാലിബാഫ് തുറന്നടിച്ചത്. യുഎസിൽനിന്ന് ഇറാൻ ഭ‌ക്ഷ്യ ഉൽപന്നങ്ങളും മരുന്നും വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അവകാശപ്പെട്ടിരുന്നു.

അതേസമയം ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ. കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. നിശ്ചയിച്ച റൂട്ടിലൂടെ കപ്പലുകൾ പോകണമെന്നും മറിച്ചായാൽ സുരക്ഷാ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും ഉത്തരവാദിത്തം കപ്പൽ ഉടമകൾക്കും കമ്പനികൾക്കും കപ്പൽ കമാൻഡർമാർക്കും ആയിരിക്കുമെന്നും ഇറാൻ വീണ്ടും മുന്നറിയിപ്പ് ആവർത്തിച്ചു അറിയിച്ചു.

*ഐ. പി. സി പിളരുമോ ?*