ലണ്ടൻ: യുകെയില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും 89 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലണ്ടന് വടക്കുള്ള ബെഡ്‌ഫോർഡില്‍ വെച്ചായിരുന്നു ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയില്‍വേയുടെ (EMR) രണ്ട് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ 11 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഒരു ട്രെയിൻ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ തകർന്ന കോച്ചുകളില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാർ പരിഭ്രാന്തരായി ട്രാക്കില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ലണ്ടൻ സെന്റ് പാൻക്രാസിനും ലെസ്റ്ററിനും ഇടയിലുള്ള പാതയിലാണ് അപകടം നടന്നതെന്ന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയില്‍വേ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. എയർ ആംബുലൻസും ഹസാർഡസ് ഏരിയ റെസ്‌പോണ്‍സ് ടീമും അടക്കമുള്ള വലിയൊരു സംഘത്തെ സ്ഥലത്തേക്ക് നിയോഗിച്ചതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് വ്യക്തമാക്കി. ബെഡ്‌ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുകയാണെന്ന് അറിയിച്ചു. ലൂട്ടണും ബെഡ്‌ഫോർഡിനും ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ബ്രിട്ടനില്‍ ട്രെയിൻ അപകടങ്ങള്‍ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. ഇതിനുമുമ്പ് 2023 സെപ്റ്റംബറില്‍ സ്കോട്ട്‌ലൻഡിലെ ഏവിയാമോർ സ്റ്റേഷനില്‍ വെച്ച് രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഏതാനും പേർക്ക് പരിക്കേറ്റിരുന്നു. 2020 ഓഗസ്റ്റില്‍ സ്കോട്ട്‌ലൻഡിലെ സ്റ്റോണ്‍ഹാവന് സമീപം കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിച്ചു. ഈ സംഭവത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയതിന് യുകെ ഗതാഗത വകുപ്പിന് കീഴിലുള്ള നെറ്റ്‌വർക്ക് റെയിലിന് കോടതി 6.7 മില്യണ്‍ പൗണ്ട് പിഴ ചുമത്തുകയും ചെയ്തിരുന്നു.




