സുരക്ഷാ കയര്‍ കെട്ടാൻ മറന്നു; ബ്രസീലില്‍ റോപ്പ് ജംപിംഗിനിടെ 40 മീറ്റര്‍ ഉയരത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സാഓ പോളോ: ബ്രസീലില്‍ അഡ്വഞ്ചർ സ്പോർട്സ് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയെ തുടർന്ന് 21 വയസ്സുകാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ബ്രസീലിലെ സാഓ പോളോയിലുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ‘സ്കെലിറ്റണ്‍ ബ്രിഡ്ജില്‍’ (Skeleton Bridge) റോപ്പ് ജംപിംഗ് (Rope Jumping) നടത്തുന്നതിനിടെ സുരക്ഷാ കയർ (Safety Rope) ശരീരവുമായി ബന്ധിപ്പിക്കാൻ ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായത്. ഫിസിക്കല്‍ എഡ്യൂക്കേഷൻ ബിരുദധാരിയായ മരിയ എഡുവാർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് (Maria Eduarda Rodrigues de Freitas) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സാഹസിക വിനോദത്തിനായി പ്രതിശ്രുത വരനൊപ്പം എത്തിയതായിരുന്നു മരിയ. സുരക്ഷാ ബെല്‍റ്റുകളും മറ്റ് സജ്ജീകരണങ്ങളും ധരിപ്പിച്ച ശേഷം, പ്രധാന സുരക്ഷാ കയർ ബന്ധിപ്പിക്കുന്നതിന് മുൻപ് തന്നെ അവിടെയുണ്ടായിരുന്ന മൂന്ന് ഇൻസ്ട്രക്ടർമാർ ചേർന്ന് മരിയയെ പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഏകദേശം 40 മീറ്ററോളം (130 അടി) ഉയരത്തില്‍ നിന്ന് സുരക്ഷാ കയറില്ലാതെ താഴെയുള്ള മലയിടുക്കിലേക്ക് മരിയ പതിച്ചു.

മരിയ താഴേക്ക് പതിച്ച നിമിഷം തന്നെ “കയർ കെട്ടിയിട്ടില്ല” എന്ന് ചുറ്റുമുണ്ടായിരുന്നവർ നിലവിളിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കനത്ത ആഘാതത്തില്‍ ഒന്നിലധികം മാരക പരിക്കുകളേറ്റ മരിയ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടം നേരില്‍ കണ്ട മരിയയുടെ പ്രതിശ്രുത വരൻ മാനസികമായി തളരുകയും തുടർന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Advertisement