• സാബു തൊട്ടിപ്പറമ്പിൽ
ബൈബിളിലെ യോനാ പ്രവാചകന്റെ കഥ നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. തിമിംഗലത്തിന്റെ വയറ്റിൽ അകപ്പെടുകയും പിന്നീട് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത കഥ. എന്നാൽ ആധുനിക കാലത്ത് അത്തരമൊരു സംഭവം നേരിൽ അനുഭവിച്ച ഒരാളുണ്ട്. അമേരിക്കക്കാരനായ മൈക്കൽ പാക്കാർഡ് എന്ന മത്സ്യത്തൊഴിലാളി. ഒരു തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ അകപ്പെട്ടിട്ടും ജീവനോടെ തിരിച്ചുവന്ന് തന്റെ അനുഭവം ലോകത്തോട് പറഞ്ഞു.
അമേരിക്കയിലെ മസാച്യുസെറ്റ്സിലുള്ള കേപ് കോഡ് കടലിൽ ലോബ്സ്റ്ററുകളെ (കൊഞ്ച്) പിടിക്കാനായാണ് ഈ മത്സ്യത്തൊഴിലാളി കടലിൽ ഇറങ്ങിയത്. കടലിന്റെ അടിത്തട്ടിൽ ഏകദേശം 45 അടി താഴ്ചയിൽ ജോലി ചെയ്യുന്നതിനിടയിൽ, പെട്ടെന്ന് പുറകിൽ നിന്ന് ശക്തമായ ഒരു ഇടി അനുഭവപ്പെടുകയും നിമിഷങ്ങൾക്കകം ചുറ്റും ഇരുട്ട് പരക്കുകയും ചെയ്തു. ഒരു അന്താരാഷ്ട്ര മാധ്യമത്തോടാണ് അദ്ദേഹം തുറന്ന് പറച്ചിൽ നടത്തിയത്.
ആദ്യം ഇദ്ദേഹം കരുതിയത് എന്നെ ഏതെങ്കിലും സ്രാവ് പിടിച്ചെന്നാണ്. എന്നാൽ പല്ലുകളുടെ കടിയേൽക്കാത്തതിനാലും വലിയൊരു സമ്മർദ്ദം അനുഭവപ്പെട്ടതിനാലും താൻ അകപ്പെട്ടിരിക്കുന്നത് ഒരു കൂറ്റൻ തിമിംഗലത്തിന്റെ വായ്ക്കുള്ളിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്കൂബാ ഉപകരണങ്ങൾ ഉണ്ടായിരുന്നതിനാൽ തിമിംഗലത്തിന്റെ വായ്ക്കുള്ളിലും അദ്ദേഹത്തിന് ശ്വസിക്കാൻ കഴിഞ്ഞു. ശ്വാസം മുട്ടിച്ചും വിഴുങ്ങിയും തിമിംഗലം തന്നെ കൊല്ലുമെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്.
ഏകദേശം 30 മുതൽ 40 സെക്കൻഡ് വരെ പക്കാർഡ് ആ ഭീമൻ ജീവിയുടെ വായ്ക്കുള്ളിൽ കിടന്നു. എന്നാൽ, പെട്ടെന്ന് തിമിംഗലം കടലിന്റെ ഉപരിതലത്തിലേക്ക് കുതിച്ചുയരുകയും വായ തുറന്ന് പക്കാർഡിനെ പുറത്തേക്ക് തുപ്പുകയുമായിരുന്നു.
ഒരു വലിയ മനുഷ്യൻ അബദ്ധത്തിൽ വായ്ക്കുള്ളിൽ കുടുങ്ങിയതിന്റെ അസ്വസ്ഥത കൊണ്ടാകാം തിമിംഗലം ഇത്തരത്തിൽ ചെയ്തത്.
അടുത്തുകൂടി പോയ ഒരാൾ ഉടൻ തന്നെ പക്കാർഡിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. അത്ഭുതമെന്നു പറയട്ടെ, ശരീരത്തിൽ ചില ചതവുകളുണ്ടായതൊഴിച്ചാൽ അദ്ദേഹത്തിന്റെ എല്ലുകൾക്കൊന്നും യാതൊരു ഒടിവും സംഭവിച്ചിരുന്നില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അന്നുതന്നെ അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.
ഈ വാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള ആളുകൾ ആദ്യം കരുതിയത് ഇതൊരു വ്യാജക്കഥയാണെന്നാണ്. എന്നാൽ സമുദ്ര ജീവശാസ്ത്രജ്ഞർ രംഗത്തെത്തിയതോടെ കാര്യങ്ങൾക്ക് വ്യക്തത വന്നു.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, കൂനൻ തിമിംഗലങ്ങൾക്ക് ഒരു മുതിർന്ന മനുഷ്യനെ വിഴുങ്ങാൻ കഴിയില്ല. കാരണം, അവയുടെ ശരീരം വളരെ വലുതാണെങ്കിലും തൊണ്ടയുടെ ഭാഗം വളരെ ഇടുങ്ങിയതാണ്. ചെറിയ മത്സ്യങ്ങളെയും പ്ലവകങ്ങളെയും മാത്രമാണ് അവ ഭക്ഷണമാക്കുന്നത്. കടലിൽ വലിയ കൂട്ടമായി വരുന്ന ചെറുമീനുകളെ വായ പൊളിച്ച് കൂട്ടത്തോടെ വിഴുങ്ങുന്നതാണ് ഇവയുടെ രീതി. ഇത്തരത്തിൽ ഇരപിടിക്കുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന പക്കാർഡ് അബദ്ധത്തിൽ തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ അകപ്പെട്ടുപോയതാണെന്നും അവര് വിവരിച്ചു.



