ഇംഫാൽ: മണിപ്പുരിൽ വംശീയ സംഘർഷം വീണ്ടും അതിരൂക്ഷമാകുന്നു. ഒരു മാസമായി കാണാതായ ആറു നാഗാ വംശജരുടെ ശരീരഭാഗങ്ങൾ കുക്കി ഭൂരിപക്ഷ മേഖലകളിൽ നിന്ന് കണ്ടെത്തി. ഈ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ഉപമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാഗാവിഭാഗം രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി നാഗാ ഭൂരിപക്ഷ മേഖലകളിൽ 24 മണിക്കൂർ ബന്ദ് ആഹ്വാനം ചെയ്തതോടെ സംസ്ഥാനം വീണ്ടും സംഘർഷ ഭീതിയിലായിരിക്കുകയാണ്.
മെയ് 9-ാം തീയതി നാഗാവിഭാഗം മൂന്ന് കുക്കി വൈദികരെ കൊലപ്പെടുത്തിയതോടെയാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. ഇതിനെത്തുടർന്ന് ഇരുവിഭാഗങ്ങളും എതിർചേരിയിൽപ്പെട്ട ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി. മെയ് 15-ന് നടന്ന ഒരു സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 14 പേരെ വീതം ഇരുവിഭാഗവും വിട്ടയച്ചിരുന്നു. എന്നാൽ നാഗാവിഭാഗത്തിൽപ്പെട്ട ആറുപേരെക്കുറിച്ച് ഒരു മാസമായി യാതൊരു വിവരവുമുണ്ടായിരുന്നില്ല.
കാണാതായവർക്കായി കുക്കി ഭൂരിപക്ഷ മേഖലയായ കാംപോക്പി ജില്ലയിൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കാണാതായവരുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രകോപിതരായ നാഗാവിഭാഗം, കുക്കി സംഘടനകളെ നിരോധിക്കണമെന്നും അവരെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.



