മസ്ക്കറ്റ്: ഒമാനിലെ സോഹാറിന് വടക്കുകിഴക്കായി എണ്ണ ടാങ്കർ സെറ്റെബെല്ലോയ്ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് കപ്പലിലെ മൂന്ന് ജീവനക്കാരെ കാണാതായതായി റിപ്പോർട്ട്. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസാണ് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കപ്പലിന് നേരെ യുഎസ് മിസൈൽ ആക്രമണമാണ് ഉണ്ടായത്. ആക്രമണത്തിന് ശേഷം കപ്പലിൽ നിന്ന് ഇരുപത്തിയൊന്ന് ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. കപ്പലിൽ ആകെ 28 ജീവനക്കാരനാണ് ഉണ്ടായിരുന്നത്. പലാവു പതാകയുള്ള കപ്പലാണ് സെറ്റെബെല്ലോ.
ഒമാനിലെ സൊഹാർ തുറമുഖത്തിന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന്റെ എൻജിൻ റൂമിലേക്ക് മിസൈൽ തുളച്ച് കയറികപ്പലിൽ വൻ തീപിടുത്തമുണ്ടായത്. പലാവു പതാകയുള്ള ഇന്ധനടാങ്കറിൽ ഉണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ഇവരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും, മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനുമായി ബന്ധമുള്ള കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം ലംഘിച്ചതിനാലാണ് കപ്പൽ ആക്രമിച്ചതെന്ന് യു എസ് നിലപാട്.
മേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ ‘തീർത്തും ആശങ്കാജനകമാണെന്ന്’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നും, സമാധാനം പുനഃസ്ഥാപിക്കാനായി നയതന്ത്ര ചർച്ചകൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് തടസ്സമില്ലാത്ത ഗതാഗതവും വാണിജ്യവും ഉറപ്പാക്കണമെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. കാണാതായ ഇന്ത്യക്കാർക്കായി ഒമാൻ അധികൃതരുമായി സഹകരിച്ച് ഇന്ത്യൻ എംബസി ഏകോപിച്ച് തിരച്ചിൽ തുടരുകയാണ്.



