കാട്ടാന ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു;ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

കല്‍പ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന രാജു(65)വാണ് മരിച്ചത്.  രാവിലെ 10-ഓടെയാണ് ആക്രണമണമുണ്ടായത്. 

തിരുനെല്ലി കാട്ടിക്കുളത്തുവെച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കേ ഉച്ചയോടെയായിരുന്നു മരണം. തോട്ടം തൊഴിലാളിയായിരുന്നു ഇദ്ദേഹം.

രാവിലെ അഞ്ചരയോടെ വെള്ളാഞ്ചേരി പ്രദേശത്തിറങ്ങിയ കാട്ടാന പ്രദേശത്ത് മണിക്കൂറുകളോളം ഭീതിപരത്തി. വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ തുരത്തുന്നതിനിടെ, രാജു മുന്നിൽപ്പെടുകയായിരുന്നു. ആനയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാടുകയറ്റി.

ഇതിനിടയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം ശക്തം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മെഡിക്കല്‍ കോളേജിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ സമാധാനാനം പറയണം, നഷ്ടപരിഹാരം സംബന്ധിച്ച് രേഖാമൂലം എഴുതി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇക്കാര്യങ്ങളില്‍ ഉറപ്പ് നല്‍കിയാല്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറാമെന്നും ഇവര്‍ പറയുന്നു.