മകളുമായി പ്രണയം;ദളിത് യുവാവിനെ പെണ്‍ക്കുട്ടിയുടെ പിതാവ് തല്ലിക്കൊന്നു

ഡെറാഡൂണ്‍: ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു. തെഹ്‌രി ഗാര്‍ഹ്‌വെല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 18കാരനായ കേതന്‍ ലാല്‍ എന്ന ചെറുപ്പക്കാരനെയാണ് പെണ്‍കുട്ടിയുടെ കുടുംബം കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് യശ്‌വീര്‍ സിങ്, മുത്തശ്ശന്‍ വിദ്യ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേതന്‍ ലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാതെ കേതന്‍ ലാലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു.

ക്രൂരമായ ആക്രമണമാണ് തന്റെ മകന്‍ നേരിട്ടതെന്ന് കേതന്‍ ലാലിന്റെ പിതാവ് ധന്‍പാല്‍ ലാല്‍ പറഞ്ഞു. മര്‍ദ്ദിച്ചതിനൊപ്പം അക്രമികള്‍ കേതന്റെ നഖവും കാല്‍വിരലുകളും പിഴുതുകളഞ്ഞെന്നും ജനനേന്ദ്രിയത്തില്‍ അടക്കം മാരകമായി അക്രമിച്ചെന്നും പിതാവ് പറഞ്ഞു. ശരീരത്തിലുടനീളം മാരകമായ മുറിവുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാല് അല്ല, പത്ത് ദിവസമായാലും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്താല്‍ മാത്രമേ അവന്റെ മൃതദേഹം ഞാന്‍ സ്വീകരിക്കുകയുള്ളു. ഞാന്‍ ഒരു സാധാരണക്കാരനാണ്. വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങാനുള്ള ശേഷി എനിക്കില്ല. ഇവിടെ നിന്ന് തന്നെ എനിക്ക് നീതി ലഭിക്കണം. അതിന് ശേഷം മാത്രമേ മകന്റെ മൃതദേഹം ഞാന്‍ സ്വീകരിക്കുകയുള്ളു’, ധന്‍പാല്‍ ലാല്‍ പറഞ്ഞു. മകന്റെ മര്‍ദ്ദന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേതന്‍ യശ്‌വീര്‍ സിങ്ങിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഖോല്‍ഗാര്‍ഹ് ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുമായി കേതന്‍ ബന്ധത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടി കേതനെ വിളിക്കുകയും തന്റെ ഗ്രാമത്തിലേക്ക് വരണമെന്ന് പറയുകയും ചെയ്തു. പിന്നാലെ തന്റെ സുഹൃത്തായ ദിവാകര്‍ ദിമ്‌റിക്കൊപ്പം കേതന്‍ അവിടെയെത്തി.

കേതര്‍ എത്തിയ ഉടന്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇവരെ രണ്ട് പേരെയും ഒരു മുറിയില്‍ പൂട്ടിയിട്ട് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. നിലവില്‍ കുടുംബത്തിന് 8.2 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.