എബി ജോയ്
പുൽപ്പള്ളി

ഇന്ന് ക്രൈസ്തവ ആരാധനാലയങ്ങൾക്ക് പരസ്യമായ അനുമതിയില്ലാത്ത മണ്ണാണ് സൗദി അറേബ്യ. എന്നാൽ, ചരിത്രത്തിന്റെ താളുകൾ പിന്നോട്ട് മറിച്ചാൽ, ഇന്നത്തെ സൗദി അറേബ്യയുടെ മണ്ണിൽ കുരിശടയാളങ്ങൾ പതിച്ച പള്ളികളും, സന്യാസാശ്രമങ്ങളും, വിശ്വാസത്തിനുവേണ്ടി ജീവൻ ബലിനൽകിയ നിരവധി രക്തസാക്ഷികളും ഉണ്ടായിരുന്നു എന്ന സത്യം പലർക്കും പുതിയ അറിവായിരിക്കും.

ക്രിസ്തുവർഷം നാലാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെ അറേബ്യൻ ഉപദ്വീപിൽ സജീവമായിരുന്ന ആ പുരാതന ക്രൈസ്തവ സാന്നിധ്യത്തിന്റെ ചരിത്രവഴികളിലൂടെയുള്ള ഒരു യാത്ര.
എവിടെയായിരുന്നു പ്രധാന കേന്ദ്രങ്ങൾ?
പുരാതന കാലത്ത് സൗദി അറേബ്യയിൽ പ്രധാനമായും രണ്ട് മേഖലകളിലാണ് വലിയ രീതിയിൽ ക്രിസ്ത്യൻ സമൂഹങ്ങൾ നിലനിന്നിരുന്നതെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.

നജ്‌റാൻ തെക്കൻ സൗദിയിൽ യമൻ അതിർത്തിയോട് ചേർന്നുള്ള ഈ പച്ചപ്പുള്ള താഴ്‌വരയായിരുന്നു അറേബ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ നഗരം. ഇവിടെ ഭൂരിഭാഗം ജനങ്ങളും കത്തോലിക്കാ/ ഓർത്തോഡോക്സ് സഭാ
വിശ്വാസികളായിരുന്നു. ഒരു വലിയ കത്തീഡ്രൽ പള്ളിയും ഇവിടെയുണ്ടായിരുന്നു.
കിഴക്കൻ തീരങ്ങൾ പേർഷ്യൻ ഗൾഫ് തീരങ്ങളായ അൽ-അഹ്സ (Al-Ahsa), ഖത്തീഫ്, ജുബൈൽ (Jubail) തുടങ്ങിയ പ്രദേശങ്ങൾ. ഇവിടെ കിഴക്കിന്റെ സഭ (Church of the East / Nestorian) ആയിരുന്നു സജീവം.
ഐതിഹ്യങ്ങളല്ല, മറിച്ച് ആധുനിക പുരാവസ്തു ഗവേഷണങ്ങളും ലിഖിതങ്ങളുമാണ് അറേബ്യയിലെ ക്രൈസ്തവ ചരിത്രത്തിന് അടിവരയിടുന്നത്
എ. ജുബൈൽ ചർച്ച്, (The Jubail Church) 1986-ൽ സൗദി അറേബ്യയിലെ ജുബൈലിൽ മരുഭൂമിയിൽ ഒരു വിനോദയാത്ര സംഘമാണ് യാദൃച്ഛികമായി ഈ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ട ഈ പള്ളി അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കമേറിയ പള്ളികളിലൊന്നായി കണക്കാക്കപ്പെടുന്നു. പള്ളിയുടെ ചുവരുകളിൽ മനോഹരമായ നാല് കൽക്കുരിശുകൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു.
ബി. നജ്‌റാനിലെ ലിഖിതങ്ങൾ, (Najran Inscriptions) നജ്‌റാനിലെ പാറകളിൽ പുരാതന തെക്കൻ അറേബ്യൻ ലിപിയിലും (Sabaean) സിറിയക് ഭാഷയിലും കൊത്തിവെച്ചിട്ടുള്ള നിരവധി ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ‘അബ്രഹാം’, ‘മോസസ്’ തുടങ്ങിയ പേരുകളും കുരിശിന്റെ രൂപങ്ങളും ഇതിലുണ്ട്. ഫ്രഞ്ച് പുരാവസ്തു സംഘങ്ങൾ നടത്തിയ പഠനങ്ങളിൽ ഇത് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.
സി. ഹിംയരൈറ്റ്സ് ഗ്രന്ഥം : (Book of the Himyarites)സിറിയക് ഭാഷയിൽ എഴുതപ്പെട്ട ഈ പുരാതന ഗ്രന്ഥം അറേബ്യയിലെ ക്രിസ്ത്യാനികളുടെ ജീവിതത്തെയും അവർ നേരിട്ട പീഡനങ്ങളെയും കൃത്യമായി വിവരിക്കുന്ന ഒന്നാംതരം ചരിത്രരേഖയാണ്.
നജ്‌റാനിലെ രക്തസാക്ഷികൾ :(The Martyrs of Najran – AD 523)
സൗദിയിലെ ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും ദാരുണവും എന്നാൽ വിശ്വാസതീക്ഷ്ണവുമായ അധ്യായമാണിത്. ക്രിസ്തുവർഷം 523-ൽ യമൻ പ്രദേശം ഭരിച്ചിരുന്ന ‘ധു നുവാസ്’ (Dhu Nuwas) രാജാവ് നജ്‌റാൻ നഗരം ഉപരോധിച്ചു. അവിടുത്തെ ക്രിസ്ത്യാനികളോട് ക്രിസ്തുമതം ഉപേക്ഷിക്കാൻ അവൻ ആവശ്യപ്പെട്ടു.
എന്നാൽ ‘അബ്ദുള്ള ഇബ്ൻ താമിർ’ എന്ന നേതാവിന്റെ കീഴിൽ അണിനിരന്ന ക്രൈസ്തവർ തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ചു. ഇതിൽ കോപാകുലനായ രാജാവ് വലിയ കിടങ്ങുകൾ കീറി അതിൽ തീക്കുണ്ഡങ്ങൾ ഒരുക്കി. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയാണ് ആ കിടങ്ങുകളിലെ തീയിലേക്ക് എറിഞ്ഞും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച് ആ അമ്മമാർ തീയിലേക്ക് നടന്നുപോയതായി ചരിത്രം രേഖപ്പെടുത്തുന്നു.
നജ്‌റാൻ കൂട്ടക്കൊലയ്ക്ക് ശേഷം ക്രിസ്ത്യൻ സാമ്രാജ്യമായ ബൈസാന്റിയത്തിന്റെ (റോം) സഹായത്തോടെ എത്യോപ്യയിലെ അക്സുമൈറ്റ് (Axumite) സൈന്യം അറേബ്യയിലെത്തുകയും ധുനുവാസ് രാജാവിനെ പരാജയപ്പെടുത്തി വീണ്ടും ക്രൈസ്തവ ഭരണം സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഏഴാം നൂറ്റാണ്ടിൽ ഇസ്‌ലാം മതത്തിന്റെ ഉദയത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ട് പ്രധാന ഘട്ടങ്ങളിലൂടെയാണ് അവിടെ ക്രൈസ്തവ സാന്നിധ്യം പൂർണ്ണമായി ഇല്ലാതായത്:
എ. നാടുകടത്തൽ :(The Expulsion under Caliph Umar): പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് നജ്‌റാനിലെ ക്രിസ്ത്യാനികളുമായി സമാധാന ഉടമ്പടി ഉണ്ടായിരുന്നു. അവർ ജിസ്യ (നികുതി) നൽകി അവിടെ ജീവിച്ചു. എന്നാൽ രണ്ടാം ഖലീഫയായ ഉമറിന്റെ ഭരണകാലത്ത് (AD 634-644), “അറേബ്യൻ ഉപദ്വീപിൽ രണ്ട് മതങ്ങൾ ഒരുമിച്ച് നിലനിൽക്കരുത്” എന്ന പുതിയ രാഷ്ട്രീയ നയത്തിന്റെ ഭാഗമായി നജ്‌റാനിലെ ക്രിസ്ത്യാനികളോട് അറേബ്യ വിട്ടുപോകാൻ കൽപ്പിച്ചു. ഇതോടെ സൗദിയുടെ ഉൾപ്രദേശങ്ങൾ ക്രിസ്ത്യൻ വിമുക്തമായി.
കിഴക്കൻ സൗദിയിലെ (ഗൾഫ് തീരത്തെ) നെസ്റ്റോറിയൻ ക്രിസ്ത്യാനികൾ നാടുകടത്തപ്പെട്ടിരുന്നില്ല. എന്നാൽ മറ്റ് ക്രിസ്ത്യൻ കേന്ദ്രങ്ങളിൽ നിന്ന് അവർ പൂർണ്ണമായി ഒറ്റപ്പെട്ടുപോയി. കാലക്രമേണ, പുതിയ ഭരണകൂടത്തിന്റെ പീഡനങ്ങളാലും കഠിനമായ നികുതിഭാരങ്ങളാലും അവിടുത്തെ അറബ് ഗോത്രങ്ങൾ ഇസ്‌ലാം മതത്തിലേക്ക് മാറാൻ തുടങ്ങി. ഒൻപതാം നൂറ്റാണ്ടോടെ അവിടുത്തെ അവസാനത്തെ പള്ളിയും ജനങ്ങളില്ലാതെ അടഞ്ഞുപോയി.
അറേബ്യൻ മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളിലും കഠിനമായ പീഡനങ്ങളിലും ക്രിസ്തുവിശ്വാസം മുറുകെപ്പിടിച്ച ആ പുരാതന ജനവിഭാഗത്തിന്റെ ചരിത്രം വെറുമൊരു ഭൂതകാല ഓർമ്മപ്പെടുത്തലല്ല. മറിച്ച്, ലോകത്തിന്റെ ഏത് കോണിലും ഏത് കഠിനമായ സാഹചര്യത്തിലും ജീവസ്സുറ്റതായി നിലനിൽക്കാൻ ക്രിസ്തുവിശ്വാസത്തിന് സാധിക്കുമെന്ന വലിയൊരു സന്ദേശമാണ് അത് നമുക്ക് നൽകുന്നത്. ഈ ചരിത്രം നമ്മുടെ വിശ്വാസ വേരുകളെ കൂടുതൽ ആഴമുള്ളതാക്കാൻ പ്രചോദനമാകട്ടെ.



