വിശാഖ് സ്റ്റീല്‍ പ്ലാന്റില്‍ വൻ ദുരന്തം; ഉരുകിയ ലോഹം തൊഴിലാളികള്‍ക്ക് മേല്‍ വീണ് എട്ട് മരണം, ആറുപേര്‍ ഗുരുതരാവസ്ഥയില്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വിശാഖ് സ്റ്റീല്‍ പ്ലാന്‍റില്‍ ഉരുകിയ ലോഹം വീണ് എട്ട് തൊഴിലാളികള്‍ മരിച്ചു.

ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉരുകിയ ലോഹം അടങ്ങിയ വലിയ ബക്കറ്റ് സ്ഥാനം തെറ്റി താഴെ വീഴുകയായിരുന്നു.

സ്റ്റീല്‍ പ്ലാന്‍റിലെ എസ്.എം.എസ്-1ല്‍ സ്പോടനവും തീപിടുത്തവുമുണ്ടായി. അപ്പോളാണ് വളരെ ഉയർന്ന താപനിലയില്‍ സ്റ്റീല്‍ വഹിച്ചിരുന്ന ലാഡില്‍ പൊട്ടിത്തെറിച്ച്‌ ഉരുകിയ ലോഹം ചോർന്നൊലിച്ച്‌ അപകടം ഉണ്ടായത്. ഉരുകിയ ഇരുമ്പ് ഏകദേശം 1600 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ളതാണെന്ന് അധികൃതർ പറഞ്ഞു.

അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. 2012ലെ ഓക്സിജൻ പ്ലാന്‍റില്‍ ഉണ്ടായ വൻ സ്ഫോടത്തില്‍ 16 തൊഴിലാളികള്‍ മരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ തീപിടുത്തമാണിത്.