വിവാഹദിനത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വരന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ വധു ചികിത്സയില്‍

അമേരിക്കയില്‍ വിവാഹദിനത്തില്‍ ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട് മലയാളി യുവാവും പൈലറ്റും മരിച്ചു. ഗുരുതരമായി പരിക്കേറ്റ വധു ആശുപത്രിയില്‍ ചികിത്സയിലാണ്.

യുഎസിലെ ജോർജിയയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ കടുവാക്കുഴിയില്‍ ഫിജി ജോർജ്-ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജിയാണ് മരിച്ചത്. തലവടി സ്വദേശികളായ സാം ഉമ്മൻ-ഷീല സാം ദമ്പതികളുടെ മകള്‍ ജെസ്നി സാമിനാണ് പരിക്കേറ്റത്.

ജോർജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ മേയ് 29-ന് രാത്രി 10.30ഓടെയായിരുന്നു (ഇന്ത്യൻ സമയം മേയ് 30 രാവിലെ 8 മണി) അപകടം. വർഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന ഡേവ് ഫിജിയും ജെസ്നി സാമും തമ്മിലുള്ള വിവാഹം അതേ ദിവസം വൈകിട്ട് 4.30ന് നടന്നിരുന്നു. വിവാഹച്ചടങ്ങുകള്‍ക്ക് പിന്നാലെ നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്.

അറ്റ്ലാന്റ ആസ്ഥാനമായ ഒരു എയർലൈൻസില്‍ പൈലറ്റായി ജോലി ചെയ്തുവരികയായിരുന്നു ഡേവ്. വിവാഹത്തിന് അനുബന്ധമായി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കുമായി തലവടിയിലെ ടിപിഎം സഭാഹാളില്‍ വിരുന്നും ഒരുക്കിയിരുന്നു. എന്നാല്‍ ചടങ്ങ് മാറ്റിവെച്ചതോടെയാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് അപകടവിവരം ലഭിച്ചത്.

തലവടി സ്വദേശിയായ സാം ഉമ്മനും കുടുംബവും കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി അമേരിക്കയില്‍ സ്ഥിരതാമസമാണ്. മകളുടെ വിവാഹാഘോഷങ്ങള്‍ക്കിടെയുണ്ടായ ദുരന്തം കുടുംബത്തെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ യുഎസിലെ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.