കൊടും ക്രൂരത;18-മാസം പ്രായമായ കുഞ്ഞിനെ യുവാവ് നിലത്തെറിഞ്ഞ് കൊന്നു

ലഖ്നൗ: പ്രണയ ബന്ധത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി ഒന്നര വയസ് പ്രായമുള്ള കൂട്ടിയെ അമ്മയുടെ കാമുകൻ നിലത്തെറിഞ്ഞു കൊന്നതായി ആരോപണം. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സംഭവത്തിൽ വിരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അരാവോൺ സ്വദേശിയായ രതിയുടെ മകൻ ആരവ് ആണ് കൊല്ലപ്പെട്ടത്.സുമിത് എന്നയാളുമായി രതി നേരത്തെ വിവാഹിതയായിരുന്നു. അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി രതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സ്വന്തം വീട്ടിലായിരുന്നു രതി താമസിച്ചിരുന്നത്.

പ്രതിയായ വിരാജ് രതിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇരുവരുടേയും ബന്ധത്തിൽ കുട്ടി ഒരുതടസ്സമായി ഇയാൾ കണ്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

വെള്ളിയാഴ്ച രതി തന്റെ മാതാപിതാക്കൾക്കരികിലേക്ക് സന്ദർശനത്തിനായി വന്നതായിരുന്നു. ഈ സമയം വിരാജും ഇതേ വീട്ടിൽ എത്തി. തുടർന്ന് കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവുകായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കുട്ടിയെ അതിക്രൂരമായി നിലത്തെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തുടരെത്തുടരെ കുട്ടിയെ ആഞ്ഞ് നിലത്തേക്കെറിയുന്നതിന്റെ അതിക്രൂര ദൃശ്യങ്ങളാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. പിന്നീട് അരുമറിയാതെ കുട്ടിയെ ഇയാൾ തന്നെ എടുത്ത് കൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് പിന്നാലെ കുടുംബം ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.