കൂത്തുപറമ്പ്: ഇരുനില വീടിന്റെ മുകളില്‍നിന്ന് താഴേക്കുവീണ സ്ത്രീ തൊഴിലാളിക്ക് ദൈവത്തിന്റെ കരസ്പർശമേകി കൂടെ ജോലി ചെയ്തിരുന്ന യുവാവ്.
പാനൂരിനടുത്ത തൂവ്വക്കുന്നില്‍ ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നുസംഭവം. തൂവ്വക്കുന്ന് കല്ലുമ്മല്‍പള്ളിക്ക് സമീപത്തെ വലിയ പീടികയില്‍ ഷൗക്കത്തിന്റെ ഇരുനില വീടിന് മുകളിലെ ഓട് താഴേക്ക് ഇറക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന അപകടവും അദ്ഭുതകരമായ രക്ഷാപ്രവർത്തനവും നടന്നത്.
തൊഴിലാളിയായ വളയം കല്ലുനിര സ്വദേശിനി ചന്ദ്രി മുകളില്‍നിന്നും താഴേക്ക് വീഴുകയായിരുന്നു. ഈ സമയം താഴെ ചരക്ക് വാഹനത്തിലുണ്ടായിരുന്ന തൊഴിലാളി രഞ്ജീഷ് ചന്ദ്രിയെ തന്റെ കൈകളില്‍ താങ്ങുകയായിരുന്നു. രഞ്ജീഷിന്റെ കൈത്താങ്ങോടെ വീഴ്ചയുടെ ആഘാതം കുറയുകയും ചന്ദ്രി ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു.



