തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി .സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്.
രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനില്‍ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാകുക. രണ്ടര വർഷത്തിന് ശേഷം ഐ.സി. ബാലകൃഷ്ണൻ കൂടി മന്ത്രിയാകുമെന്നാണ് വിവരം. തിരുവഞ്ചൂർ രാധാകൃഷ്ണ്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാർ. രണ്ടരവർഷം കഴിഞ്ഞാല്‍ പാറക്കല്‍ അബ്ദുള്ള മന്ത്രിയാകും. കോഴിക്കോടിന് പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമാണിത്.
കേരള കോണ്‍ഗ്രസില്‍ നിന്ന് മോൻസ് ജോസഫ് മന്ത്രിയാകും. ആർഎസ്പിയില്‍ നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും. സിഎംപിയിലെ സി.പി. ജോണ്‍ മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിലെ അപു ജോസഫിന് നല്‍കുമെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎല്‍എ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും.



